---
title: "താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധനയ്ക്കായി സംഘം"
english_title: "Thamarassery Pass landslide; Team to conduct detailed inspection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311817/thamarassery-pass-landslide-team-to-conduct-detailed-inspection"
published_at: "2025-08-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b19308810c8_2_0000_ATTACH__copy.JPG"
keywords: []
---

# താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധനയ്ക്കായി സംഘം

> **Lead Summary:** **താമരശ്ശേരി**: താമരശ്ശേരി ചുരം റോഡില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്ഥലം സന്ദര്‍ശിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ജിയോളജിസ്റ്റ്, സോയില്‍ കണ്ട്‌സര്‍വേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തി.

## Article Content

**താമരശ്ശേരി**: താമരശ്ശേരി ചുരം റോഡില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്ഥലം സന്ദര്‍ശിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ജിയോളജിസ്റ്റ്, സോയില്‍ കണ്ട്‌സര്‍വേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തി.

നിലവില്‍ അപകട ഭീഷണി ഇല്ലെങ്കിലും ശക്തമായ മഴ തുടരുകയാണെങ്കില്‍ വീണ്ടും പാറക്കഷ്ണങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി.

നിലവില്‍ ചെറിയ വാഹനങ്ങള്‍ക്ക് ചുരം വഴി ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഭാരവാഹനങ്ങള്‍ കടത്തിവിടുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച ശേഷമേ തീരുമാനം കൈക്കൊള്ളൂ.

റോഡ് ഗതാഗത യോഗ്യമാക്കുന്നതിലും നിയന്ത്രണങ്ങളില്‍ പോലീസും ഫയര്‍ഫോഴ്സും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവ സ്ഥലത്ത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, ഡിവൈഎസ്പി കെ സുശീര്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, റവന്യൂ, പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311817/thamarassery-pass-landslide-team-to-conduct-detailed-inspection)