---
title: "വിദ്യാര്‍ത്ഥി മരിച്ച സംഭവം; അപകടം ഉണ്ടാക്കിയ ബസിന് പകരം ഓടിയ ബസ് പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു"
english_title: "Student death incident; Students block bus that replaced the bus that caused the accident in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312084/student-death-incident-students-block-bus-that-replaced-the-bus-that-caused-the-accident-in-perambra"
published_at: "2025-08-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b30e4f19fe7_bus.jpg"
keywords: []
---

# വിദ്യാര്‍ത്ഥി മരിച്ച സംഭവം; അപകടം ഉണ്ടാക്കിയ ബസിന് പകരം ഓടിയ ബസ് പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കക്കാട് വെച്ച് സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ ബസിനു പകരം ഓടിയ ബസ് പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടയായിരുന്നു സംഭവം. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് ആളുകളെയും എടുത്ത് വന്ന KL56 M 6399 എടത്തില്‍ ബസാണ് എസ്എഫ്ഐ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ തടഞ്ഞത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കക്കാട് വെച്ച് സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ ബസിനു പകരം ഓടിയ ബസ് പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടയായിരുന്നു സംഭവം. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് ആളുകളെയും എടുത്ത് വന്ന KL56 M 6399 എടത്തില്‍ ബസാണ് എസ്എഫ്ഐ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ തടഞ്ഞത്.

ജുലൈ 19 ന് വൈകീട്ട് നടന്ന അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദിന് (19) ജീവന്‍ നഷ്ടമായത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ജവാദ് ഓടിച്ച ബൈക്കില്‍ ഇടിച്ചായിരുന്ന അപകടം. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

അപകടം ഉണ്ടായ സമയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തി ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റാണ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കിയത്. കളക്ടറേറ്റില്‍ ചേര്‍ന്ന റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

അതിനു പകരം ബസ് ഓടിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ്  ഒ. അഭിജാത്, സെക്രട്ടറി കെ.കെ. അമല്‍, അഖില്‍ ഷിബി, എസ്. അശ്വന്ത് എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്ര പൊലീസ് എത്തി ബസിലെ യാത്രക്കാരെ ഇറക്കി മറ്റുബസുകളില്‍ കയറ്റിയ ശേഷം ബസ് കസ്റ്റിയില്‍ എടുത്തു. അപകടം ഉണ്ടാക്കിയ ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും നടപടി പൂര്‍ത്തിയായിട്ടില്ലെന്നും വടകര ആര്‍ടിഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312084/student-death-incident-students-block-bus-that-replaced-the-bus-that-caused-the-accident-in-perambra)