---
title: "വോട്ട് കൊള്ളയുടെ കേരള മോഡലിന് സിപിഎം ശ്രമം"
english_title: "CPM attempts Kerala model of vote-rigging"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312245/cpm-attempts-kerala-model-of-vote-rigging"
published_at: "2025-08-31T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b453e520150_00000_3_NEW_PSD_NEW.jpg"
keywords: []
---

# വോട്ട് കൊള്ളയുടെ കേരള മോഡലിന് സിപിഎം ശ്രമം

> **Lead Summary:** **ചെറുവണ്ണൂര്‍:** ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കുന്ന വൈറസായി ബിജെപിയുടെ വോട്ട് കൊള്ള മാറിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിന് സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ആരോപിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കുന്ന വൈറസായി ബിജെപിയുടെ വോട്ട് കൊള്ള മാറിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിന് സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക പരിഷ്‌കരണവും പാര്‍ട്ടിക്കാരായ താല്‍ക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി അട്ടിമറിക്കുകയാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതൃത്വത്തില്‍ രാജ്യമെമ്പാടും നടക്കുന്ന വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടക്കുമ്പോള്‍ കേരളമുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംഘപരിവാറുമായുള്ള രഹസ്യ ഇടപാടിന്റെ ഭാഗമാണെന്നും അസീസ് ആരോപിച്ചു.

വോട്ട് കൊള്ളയെച്ചൊല്ലി ജയിച്ചവരെ പുറത്താക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും അതുവഴി ഭരണഘടനാപരമായ ദൗത്യം നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് കഴിയാതെ വന്നാല്‍ രാഷ്ട്രം മുഴുവന്‍ നീതിനിഷേധത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ അണിനിരക്കും. ബീഹാര്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍ സ്വാഗതം പറഞ്ഞു. ഒ. മമ്മു, എം.കെ. സുരേന്ദ്രന്‍, അബ്ദുല്‍ കരീം കോച്ചേരി, എന്‍.ടി. ഷിജിത്, എ.കെ. ഉമ്മര്‍, ആര്‍.പി. ശോഭിഷ്, എ. ബാലകൃഷ്ണന്‍, ഇ.കെ. സുബൈദ, പി. മുംതാസ്, സി.പി. കുഞ്ഞമ്മദ്, രവീന്ദ്രന്‍ കിഴക്കയില്‍, കെ.കെ. നൗഫല്‍, എം.പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുഞ്ഞമ്മദ് പാലിശ്ശേരി, ടി.പി. നാരായണന്‍ മാസ്റ്റര്‍, വേണുഗോപാല്‍ കോറോത്ത്, കെ.ടി.കെ. കുഞ്ഞമ്മദ്, പി. കുഞ്ഞമ്മദ് ഹാജി, എ.കെ. യൂസുഫ് മൗലവി, പ്രബിത, ആര്‍.എം. ത്വാഹിറ, മലയില്‍ ജാനകി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312245/cpm-attempts-kerala-model-of-vote-rigging)