---
title: "അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു"
english_title: "Three-month-old baby dies of amoebic encephalitis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312333/three-month-old-baby-dies-of-amoebic-encephalitis"
published_at: "2025-09-01T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b534acb4a3f_aqw.jpg"
keywords: []
---

# അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:** കോഴിക്കോട്: അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

## Article Content

കോഴിക്കോട്: അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

പനിയുമായി മെഡിക്കല്‍കോളെജിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല.

നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ക്യാമ്പയിന്‍ തുടങ്ങി.

വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊര്‍ജിത ക്ലോറിനേഷന്‍ നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312333/three-month-old-baby-dies-of-amoebic-encephalitis)