---
title: "സംഗീത വിസ്മയമായി മംഗാനിയാർ സെഡഷൻ"
english_title: "Manganiyar Sedation as a musical marvel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312572/manganiyar-sedation-as-a-musical-marvel"
published_at: "2025-09-02T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6f2b55f53c_2_0000_ATTACH.jpg"
keywords: []
---

# സംഗീത വിസ്മയമായി മംഗാനിയാർ സെഡഷൻ

> **Lead Summary:** **കോഴിക്കോട്**: കടപ്പുറത്ത് തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ സംഗീത ദൃശ്യ വിസ്മയം തീർത്ത് രാജസ്ഥാനി നാടോടി സംഗീത സംഘം ദി മംഗാനിയാർ സെഡഷൻ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അരങ്ങേറിയ പരിപാടി പ്രേക്ഷകർക്ക് അപൂർവ അനുഭവമായി.ഹവാ മഹലിന്റെ മാതൃകയിൽ സൃഷ്ടിച്ച വേദിയിലെ 33 അറകളുടെ ചുവപ്പ് തിരശ്ശീലകൾ ഒന്നൊന്നായി നീങ്ങിയപ്പോൾ അനാവൃതമായത് സംഗീതത്തിൻ്റെ വിസ്മയലോകം. ദോൾ, സന്തൂർ, ധോലക്, സിന്ധി സാരംഗി, കമാർചാർ തുടങ്ങി രാജസ്ഥാനി വാദ്യങ്ങൾ കടലോരത്ത് സംഗീതത്തിൻ്റെ തിരമാലകൾ തീർത്തു.

## Article Content

**കോഴിക്കോട്**: കടപ്പുറത്ത് തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ സംഗീത ദൃശ്യ വിസ്മയം തീർത്ത് രാജസ്ഥാനി നാടോടി സംഗീത സംഘം ദി മംഗാനിയാർ സെഡഷൻ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അരങ്ങേറിയ പരിപാടി പ്രേക്ഷകർക്ക് അപൂർവ അനുഭവമായി.ഹവാ മഹലിന്റെ മാതൃകയിൽ സൃഷ്ടിച്ച വേദിയിലെ 33 അറകളുടെ ചുവപ്പ് തിരശ്ശീലകൾ ഒന്നൊന്നായി നീങ്ങിയപ്പോൾ അനാവൃതമായത് സംഗീതത്തിൻ്റെ വിസ്മയലോകം. ദോൾ, സന്തൂർ, ധോലക്, സിന്ധി സാരംഗി, കമാർചാർ തുടങ്ങി രാജസ്ഥാനി വാദ്യങ്ങൾ കടലോരത്ത് സംഗീതത്തിൻ്റെ തിരമാലകൾ തീർത്തു.

മലയാളിയായ പ്രശസ്ത നാടകസംവിധായകൻ റോയിസ്റ്റൺ ആബേലിന്റെ സംവിധാനത്തിൽ രാജസ്ഥാനിലെ മംഗാനിയാർ സമുദായത്തിലെ 43 സംഗീതജ്ഞർ അവതരിപ്പിച്ച സൂഫിയും നാടോടി സംഗീതവും ദേശഭാഷമതാതീതമായ കലാസന്ദേശമായി. മീരാബായുടെ കൃഷ്ണഭക്തി പാടിയ സംഗീതാവതരണത്തോടെയാണ് പരിപാടി സമാപിച്ചത്. 19 വർഷത്തെ യാത്രയിൽ 20 രാജ്യങ്ങളിലായി 700-ത്തിലധികം ഷോകൾ അവതരിപ്പിച്ച സംഘത്തിന്‍റെ ആദ്യത്തെ കോഴിക്കോട് വിരുന്നായിരുന്നു ഇത്.

മാവേലിക്കസിന്റെ ഭാഗമായി വൈകാശ് വരവീണയും സ്റ്റാർ സിംഗർ താരമായിരുന്ന കൃതികയും അവതരിപ്പിച്ച സംഗീത പരിപാടിയും പ്രേക്ഷക മനസ്സ് കീഴടക്കി. ജോൺസൻ മാസ്റ്ററുടെയും ബാബുരാജന്റെയും ഗാനങ്ങളും ജനപ്രിയ സിനിമാഗാനങ്ങളും ചേർത്തൊരുക്കിയ അവതരണം ആവേശം പകരുകയും ചെയ്തു.ഇന്നും ബീച്ചിലെ അതേ വേദിയിൽ ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന പരിപാടി അരങ്ങേറും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312572/manganiyar-sedation-as-a-musical-marvel)