---
title: "വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ വകുപ്പുകള്‍ തയ്യാറാവണം; അഡ്വ. ടി.കെ. രാമകൃഷ്ണന്‍"
english_title: "Departments should be ready to voluntarily disclose information; Adv. T.K. Ramakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312816/departments-should-be-ready-to-voluntarily-disclose-information-adv-tk-ramakrishnan"
published_at: "2025-09-04T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b88ce061526_jhu.JPG"
keywords: []
---

# വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ വകുപ്പുകള്‍ തയ്യാറാവണം; അഡ്വ. ടി.കെ. രാമകൃഷ്ണന്‍

> **Lead Summary:** **കോഴിക്കോട്: **വിവരാവകാശ നിയമം സെക്ഷന്‍ നാലില്‍ നിര്‍ദ്ദേശിച്ച പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്: **വിവരാവകാശ നിയമം സെക്ഷന്‍ നാലില്‍ നിര്‍ദ്ദേശിച്ച പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ വിവരാവകാശ നിയമം സെക്ഷന്‍ നാലു പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം നടത്തിയ അവലോകന യോഗത്തിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദ കലക്ടറേറ്റ് ആയി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

കോഴിക്കോട് കലക്ടറേറ്റ് ഓഫീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വെബ്‌സൈറ്റുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും വിവരങ്ങളെല്ലാം കമ്പ്യൂട്ടറില്‍ ലഭ്യമാകുന്ന തരത്തില്‍ സജ്ജീകരിക്കണമെന്നും വിവരാവകാശ ബോര്‍ഡുകള്‍ ഇല്ലാത്ത ഓഫീസുകളില്‍ ഉടന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പരിശോധന നടത്തിയ ഓഫീസുകളിലെ അപ്പീല്‍ അധികാരികളുമായും ചര്‍ച്ച നടത്തി.

പരിശോധനയ്ക്കുശേഷം കലക്ടറുടെ ചേമ്പറില്‍ അവലോകനയോഗം നടത്തി. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ സ്‌നേഹകുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ടി.കെ രാമകൃഷ്ണന്‍ കര്‍മ്മപരിപാടിയുടെ പുരോഗതി വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സബ്ബ് കളക്ടര്‍ എസ് ഗൗതം രാജ്, എഡിഎം പി. സുരേഷ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.ടി. പ്രസാദ്, പി.ആര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുള്‍ കരീം എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312816/departments-should-be-ready-to-voluntarily-disclose-information-adv-tk-ramakrishnan)