---
title: "നൊച്ചാട് കല്പത്തൂരില്‍ പശു പേ ഇളകി ചത്തു"
english_title: "Cow dies of rabies in Kalpathur anjampeedika Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313025/cow-dies-of-rabies-in-kalpathur-anjampeedika-nochad"
published_at: "2025-09-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba8cef920df_pasu_1.jpg"
keywords: []
---

# നൊച്ചാട് കല്പത്തൂരില്‍ പശു പേ ഇളകി ചത്തു

> **Lead Summary:** **പേരാമ്പ്ര **: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂര്‍ അഞ്ചാം പീടികയില്‍ പശു പേ ഇളകി ചത്തു. അഞ്ചാം പീടികയിലെ അമ്മോള് കണ്ടി മനോജിന്റെ വീട്ടിലെ നാല് മാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ബുധനാഴ്ചയാണ് പശു അസ്വാഭാവികമായി പെരുമാറി തുടങ്ങിയത്. തൊഴുത്തില്‍ നിന്ന് അഴിച്ച ഉടനെ പശു ഓടാന്‍ തുടങ്ങി. നിര്‍ത്താതെ കരയാനും തുടങ്ങി. വൈകിട്ടോടെ വായയില്‍ നിന്ന് പച്ചനിറത്തില്‍ നുര വന്നിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര **: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂര്‍ അഞ്ചാം പീടികയില്‍ പശു പേ ഇളകി ചത്തു. അഞ്ചാം പീടികയിലെ അമ്മോള് കണ്ടി മനോജിന്റെ വീട്ടിലെ നാല് മാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ബുധനാഴ്ചയാണ് പശു അസ്വാഭാവികമായി പെരുമാറി തുടങ്ങിയത്. തൊഴുത്തില്‍ നിന്ന് അഴിച്ച ഉടനെ പശു ഓടാന്‍ തുടങ്ങി. നിര്‍ത്താതെ കരയാനും തുടങ്ങി. വൈകിട്ടോടെ വായയില്‍ നിന്ന് പച്ചനിറത്തില്‍ നുര വന്നിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.

നാല് മാസം മുമ്പ് കുത്തിവെപ്പ് നടത്തിയ പശുവാണെങ്കിലും കരയുന്നത് മതി ലക്ഷണം മൂലമാണെന്ന് കരുതി ലൈവ് സ്റ്റോക്ക് ഇന്‍സ്പകറെ വരുത്തിയപ്പോഴാണ് മതിലക്ഷണമല്ലെന്നും പശു അസ്വഭാവിക കാണിക്കുന്നുണ്ടെന്നും അറിഞ്ഞത്. പേരാമ്പ്ര ബ്ലോക്ക് വെറ്റിനറി സര്‍ജന്‍ ഡോ. അര്‍ജ്ജുനനെ വരുത്തി നടത്തിയ പരിശോധനയിലാണ് പേബാധ തന്നെയാണെന്ന് മനസിലായത്. ഇന്നലെ രാത്രി 12 മണിയോടെ പശു ചത്തു.

പശുവിന് എങ്ങനെയാണ് പേബാധ ഏറ്റതെന്ന് അറിയില്ല. ഇതിന്റെ മുഖത്ത് മുന്‍പ് ചെറിയൊരു മുറിവ് ഉണ്ടായിരുന്നതായും അത് ഉണങ്ങി പോവുകയും ചെയ്തിരുന്നു. ആഗസ്ത് 13 ന് ഈ മേഖലയില്‍ അക്രമണം നടത്തിയ കുറുക്കന്‍ പരിഭ്രാന്തി പരത്തിയിരുന്നു. അന്ന് വിദ്യാര്‍ത്ഥിനിയെ ഉള്‍പ്പെടെ മൂന്നു പേരെ അക്രമിച്ച കുറുക്കന്‍ നിരവധി വളര്‍ത്ത് മൃഗങ്ങളെയും കടിച്ചിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് കുറുക്കനെ അടിച്ചു കൊല്ലുകയും ചെയ്തു. എന്നാല്‍ ഈ കുറുക്കന് ഭ്രാന്തുണ്ടോ എന്ന പരിശോധന നടത്താതെയാണ് അതിനെ മറവ് ചെയ്തത്. ഇതിലും ജനങ്ങള്‍ ആശങ്കാകുലരായിരുന്നു. പ്രദേശത്ത് നിരവധി തെരുവു പട്ടികള്‍ അലഞ്ഞ് നടക്കുന്നുണ്ട്. ഇവയെ ഈ കുറുക്കന്‍ അക്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഭീമ ഹര്‍ജി നല്‍കി കാത്തിരിക്കുന്ന അവസരത്തിലാണ് പ്രദേശത്ത് പശു പേ ലക്ഷണങ്ങളോടെ ചത്തത്. ഇത് ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ഉണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പേബാധയേറ്റ് പശു ചത്ത വീട്ടിലുള്ളവരോട് കരുതലായി കത്തിവെപ്പ് നടത്താന്‍ അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313025/cow-dies-of-rabies-in-kalpathur-anjampeedika-nochad)