---
title: "കോഴിക്കോടിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനമാവും"
english_title: "Kozhikode's Onam celebrations will conclude today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313348/kozhikodes-onam-celebrations-will-conclude-today"
published_at: "2025-09-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd352995fa0_MEjAR.JPG"
keywords: []
---

# കോഴിക്കോടിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനമാവും

> **Lead Summary:** **കോഴിക്കോട്:** കഴിഞ്ഞ ഒരാഴ്ച കാലമായി കോഴിക്കോട് നടന്ന് വരുന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് സമാപനമാവും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് വേദികളിലാണ് മാവേലിക്കസ് നടന്ന് വരുന്നത്.

## Article Content

**കോഴിക്കോട്:** കഴിഞ്ഞ ഒരാഴ്ച കാലമായി കോഴിക്കോട് നടന്ന് വരുന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് സമാപനമാവും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് വേദികളിലാണ് മാവേലിക്കസ് നടന്ന് വരുന്നത്.

പ്രധാന വേദിയായ കോഴിക്കോട് ബീച്ചിന് പുറമെ ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, വടകര സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

കേരള വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിച്ചുവരുന്നത്. സമാപന സമ്മേളനം വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

വൈകീട്ട് ആറ് മണിക്ക് ലുലു മാളിലാണ് സമാപന പരിപാടി നടക്കുന്നത്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന്റെ മീഡിയ അവാര്‍ഡുകളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.

മാവേലിക്കസ് വേദികളില്‍ ഇന്ന് കോഴിക്കോട് ബീച്ചില്‍ ഷാന്‍ റഹ്‌മാന്‍ ഷോ, ലുലു മാളില്‍ ചിന്മയി നയിക്കുന്ന സംഗീത പരിപാടി, ബേപ്പൂര്‍ ബീച്ചില്‍ അഭയ ഹിരണ്മായി, നഞ്ചിയമ്മ സംഗീത പരിപാടികളും വടകര സര്‍ഗാലയില്‍ കണ്ണൂര്‍ ഷെരീഫ് ആന്റ് കൊല്ലം ഷാഫി നയിക്കുന്ന സംഗീത പരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313348/kozhikodes-onam-celebrations-will-conclude-today)