---
title: "പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing Kuttiadi native found after being swept away in river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313555/body-of-missing-kuttiadi-native-found-after-being-swept-away-in-river"
published_at: "2025-09-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be9db276f75_body.jpg"
keywords: []
---

# പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂര്‍:** മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂരില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാല്‍ സ്വദേശി ഖലീല്‍ റഹ്‌മാന്റെയും സമീറയുടെയും ഏക മകള്‍ ഇര്‍ഫാന യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

**കണ്ണൂര്‍:** മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂരില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാല്‍ സ്വദേശി ഖലീല്‍ റഹ്‌മാന്റെയും സമീറയുടെയും ഏക മകള്‍ ഇര്‍ഫാന യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഇര്‍ഫാനയെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഓണാവധിക്ക് കുറ്റ്യാടിയില്‍ നിന്നും വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി.

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്കായി അഗ്‌നിരക്ഷസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പഴശ്ശി പുഴയുടെ ഷട്ടര്‍ അടച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചയോടെ വീണ്ടും ആരംഭിച്ചെങ്കിലും വിഫലമാവുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെയും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും തിരച്ചിലിന് ഒടുവില്‍ ഏകദേശം സംഭവം നടന്നതിന്റെ ആറ് കിലോമീറ്റര്‍ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

പഴശ്ശി ഡാമിന്റെ അടുത്ത് ആയതുകൊണ്ട് രണ്ടുദിവസമായി ഷട്ടര്‍ അടച്ചു കൊണ്ടുള്ള തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313555/body-of-missing-kuttiadi-native-found-after-being-swept-away-in-river)