---
title: "സംസ്ഥാന അധ്യാപക അവാര്‍ഡ്  പേരാമ്പ്ര സ്വദേശി പി.എം സജിത്കുമാറിന് "
english_title: "State Teacher Award goes to PM Sajithkumar at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313738/state-teacher-award-goes-to-pm-sajithkumar-at-perambra"
published_at: "2025-09-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfdec51aa22_sajith.jpg"
keywords: []
---

# സംസ്ഥാന അധ്യാപക അവാര്‍ഡ്  പേരാമ്പ്ര സ്വദേശി പി.എം സജിത്കുമാറിന് 

> **Lead Summary:** **പേരാമ്പ്ര : **സംസ്ഥാന അധ്യാപക അവാര്‍ഡ് പേരാമ്പ്ര കിഴിഞ്ഞാണ്യം സ്വദേശിയായ പി.എം സജിത്കുമാറിന് ലഭിച്ചു. കണ്ണൂര്‍ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് പി.എം. സജിത്കുമാര്‍.

## Article Content

**പേരാമ്പ്ര : **സംസ്ഥാന അധ്യാപക അവാര്‍ഡ് പേരാമ്പ്ര കിഴിഞ്ഞാണ്യം സ്വദേശിയായ പി.എം സജിത്കുമാറിന് ലഭിച്ചു. കണ്ണൂര്‍ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് പി.എം. സജിത്കുമാര്‍.

നാളെ തിരുവനന്തപുരം വഴുതക്കാടുള്ള ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങും.

കഴിഞ്ഞ 18 വര്‍ഷമായി ആയിത്തറ മമ്പറത്ത് മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്ന സജിത്കുമാര്‍ എഴുത്തുകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്.

കെഎസ്ടിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കുത്തുപറമ്പ് മേഖലാ പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മാങ്ങാട്ടിടം പഞ്ചായത്ത് കോ.ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പാഠപുസ്തക രചനാ സമിതി അംഗം, കൈറ്റ് വിക്ടേഴ്‌സ് 'ഫസ്റ്റ് ബെല്‍' അധ്യാപകന്‍, മലയാളം സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അധ്യാപക സാഹിത്യ അവാര്‍ഡ് നാല് തവണ ലഭിച്ചതുള്‍പ്പെടെ കവിത, നാടകം, ലേഖനം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എച്ച്എസ്ടി ആയി ആദ്യ നിയമനം ലഭിച്ച ആയിത്തറ മമ്പറത്ത് തന്നെ കുടുംബസമേതം താമസിച്ച് നാട്ടിലെ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.

ഭാര്യ പി.ടി. സജിത. മക്കള്‍ ശ്രാവണ ജ്യോത്സ്‌ന (കതിരൂര്‍ വിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിനി), സ്‌നിഗ്ധ് കല്‍ഹാര്‍ (ആയിത്തറ മമ്പറം ജിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി). പരേതനായ നാരായണന്‍ നായരുടെയും ദേവിയമ്മയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313738/state-teacher-award-goes-to-pm-sajithkumar-at-perambra)