---
title: "വൈറലായി ആദിലിന്റെ കാറിലെ ഉറക്കം; ഉറക്കം കെട്ട് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും"
english_title: "Sleeping in Adil's car virally; Firefighters, police and locals asleep"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31382/sleeping-in-adils-car-virally-firefighters-police-and-locals-asleep"
published_at: "2022-03-12T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cc17d2823a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വൈറലായി ആദിലിന്റെ കാറിലെ ഉറക്കം; ഉറക്കം കെട്ട് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും

> **Lead Summary:** ** പേരാമ്പ്ര:** സര്‍വ്വതിലും വലുത് ജീവന്‍ തന്നെയാണ്. ഇവിടെ ഒന്നുറങ്ങി എണീറ്റപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് ആദില്‍ എന്ന കൂത്താളി സ്വദേശി.

## Article Content

** പേരാമ്പ്ര:** സര്‍വ്വതിലും വലുത് ജീവന്‍ തന്നെയാണ്. ഇവിടെ ഒന്നുറങ്ങി എണീറ്റപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് ആദില്‍ എന്ന കൂത്താളി സ്വദേശി.

കാറിലെ ആദിലിന്റെ സുഖമായ ഉറക്കം, ഉറക്കം കെടുത്തിയത് ഫയര്‍ഫോഴ്‌സിനെയും പോലീസുകാരെയും നാട്ടുകാരെയും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഉറക്കം ഡ്രൈവിംങ്ങിനെ ബാധിക്കുമെന്നായപ്പോള്‍ ഒന്നു മയങ്ങിയതായിരുന്നു.

എന്നാല്‍ തന്റെ ഉറക്കം ഇത്ര പെട്ടെന്ന് വൈറലാകുമെന്ന് ആദില്‍ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് സംഭവം. പാലേരി വടക്കുമ്പാട് തണലിന് സമീപം വേഗതയില്‍ വന്ന കാര്‍ പെട്ടെന്ന് നില്ക്കുകയും പിന്നെ മണിക്കൂറുകളോളം കാര്‍ അവിടെത്തന്നെ നിര്‍ത്തിയിടുകയും ചെയ്തു.

സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കാറിലുണ്ടെന്നറിഞ്ഞു. സകല ശ്രമങ്ങളും നടത്തി ആളെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല.

ഒരിക്കല്‍ സീറ്റിലേക്ക് മറിഞ്ഞു വീണ കക്ഷി വീണ്ടും ഉറക്കം തുടര്‍ന്നു. ഒടുക്കം നാട്ടുകാര്‍ പോലീസിനെയും, പോലീസ് ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു.

11 മണിയോടെ സര്‍വ്വവിധ സന്നാഹങ്ങളുമായി ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് കുതിച്ചെത്തി. കാറിന്റെ ഡോര്‍ കട്ട് ചെയ്യുന്നതിനു മുമ്പ് കാര്‍ നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോള്‍ ഒന്നുമറിയാതെ സുഖനിദ്രയിലായി കഥാനായകന്‍ ഡോര്‍ തുറന്ന് അദ്ഭുതത്തോടെയാണ് തന്റെ ചുറ്റും കൂടിയവരെ നോക്കിയത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെ നേതൃത്വത്തില്‍ അസി: സ്റ്റേഷന്‍ ഓഫീസര്‍മാരായ സി.കെ മുരളീധരന്‍, പി.വിനോദ്, സേനാംഗങ്ങളായ കെ. സുനില്‍, കെ.എന്‍ രതീഷ്, കെ.എം ഷിജു, എസ്.കെ റിതിന്‍, പി.എസ് അന്‍വര്‍ സ്വാലിഹ്, ഇ.എം പ്രശാന്ത്, സി.കെ സ്മിതേഷ്, ഐ.ബീനീഷ് കുമാര്‍, കെ.പി ബാലകൃഷ്ണന്‍, എന്‍.എം രാജീവന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31382/sleeping-in-adils-car-virally-firefighters-police-and-locals-asleep)