---
title: "താമരശ്ശേരി ചുരം മണ്ണിടിച്ചില്‍: എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി"
english_title: "Thamarassery Pass landslide: NIT expert team inspects"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314043/thamarassery-pass-landslide-nit-expert-team-inspects"
published_at: "2025-09-10T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c17ce35858a_2_0000_ATTACH.jpg"
keywords: []
---

# താമരശ്ശേരി ചുരം മണ്ണിടിച്ചില്‍: എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി

> **Lead Summary:** **താമരശ്ശേരി:** താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എന്‍ഐടി കോഴിക്കോട് സിവില്‍ വിഭാഗത്തിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന.

## Article Content

**താമരശ്ശേരി:** താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എന്‍ഐടി കോഴിക്കോട് സിവില്‍ വിഭാഗത്തിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന.

പ്രൊഫസര്‍ സന്തോഷ് ജി. തമ്പിയുടെ നേതൃത്വത്തില്‍ അസി. പ്രൊഫസര്‍മാരായ പ്രദീക് നേഗി, അനില്‍കുമാര്‍, റിസര്‍ച്ച് ഫെലോ മനു ജോര്‍ജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തും സമീപ പ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള റിയല്‍ ടൈം കൈനമാറ്റിക് സര്‍വേ നടത്തി സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇവയില്‍ നിന്ന് നിര്‍മിക്കുന്ന ത്രിമാന ദൃശ്യങ്ങള്‍ ഭാവിയിലെ മണ്ണിടിച്ചില്‍ സാധ്യതകളും ഭൂമിയുടെ സ്വഭാവവും ആഘാത സാധ്യതകളും വിലയിരുത്താന്‍ സഹായിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി അറിയിച്ചു.

ഇനിയും പാറ ഇടിയാനുള്ള സാധ്യത പരിശോധിച്ചുവരികയാണ്. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്നും, ആവശ്യമെങ്കില്‍ പ്രദേശത്ത് ജിപിആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) പരിശോധനയും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം. രേഖ, പിഡബ്ല്യൂഡി എന്‍.എച്ച്. വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. സുജീഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍ എം. സലീം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം. രാജീവ്, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314043/thamarassery-pass-landslide-nit-expert-team-inspects)