---
title: "വിദ്യാഭ്യാസ വകുപ്പ് മന്ത്രിയില്‍ നിന്നും സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി പി.എം. സജിത്കുമാര്‍ "
english_title: "P.M. Sajith Kumar received the state teacher award from the Minister of Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314155/pm-sajith-kumar-received-the-state-teacher-award-from-the-minister-of-education"
published_at: "2025-09-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2685676283_SHIVA.JPG"
keywords: []
---

# വിദ്യാഭ്യാസ വകുപ്പ് മന്ത്രിയില്‍ നിന്നും സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി പി.എം. സജിത്കുമാര്‍ 

> **Lead Summary:** പേരാമ്പ്ര : ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും പേരാമ്പ്ര കിഴിഞ്ഞാണ്യം സ്വദേശിയായ പി.എം. സജിത്കുമാര്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് സജിത്കുമാര്‍. തിരുവനന്തപുരം വഴുതക്കാടുള്ള ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

## Article Content

പേരാമ്പ്ര : ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും പേരാമ്പ്ര കിഴിഞ്ഞാണ്യം സ്വദേശിയായ പി.എം. സജിത്കുമാര്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് സജിത്കുമാര്‍. തിരുവനന്തപുരം വഴുതക്കാടുള്ള ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ 18 വര്‍ഷമായി ആയിത്തറ മമ്പറത്ത് മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്ന സജിത്കുമാര്‍ എഴുത്തുകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്. കെഎസ്ടിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കുത്തുപറമ്പ് മേഖലാ പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മാങ്ങാട്ടിടം പഞ്ചായത്ത് കോ.ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പാഠപുസ്തക രചനാ സമിതി അംഗം, കൈറ്റ് വിക്ടേഴ്സ് 'ഫസ്റ്റ് ബെല്‍' അധ്യാപകന്‍, മലയാളം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അധ്യാപക സാഹിത്യ അവാര്‍ഡ് നാല് തവണ ലഭിച്ചതുള്‍പ്പെടെ കവിത, നാടകം, ലേഖനം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എച്ച്എസ്ടി ആയി ആദ്യ നിയമനം ലഭിച്ച ആയിത്തറ മമ്പറത്ത് തന്നെ കുടുംബസമേതം താമസിച്ച് നാട്ടിലെ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314155/pm-sajith-kumar-received-the-state-teacher-award-from-the-minister-of-education)