---
title: "ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for the Aster Guardians Global Nursing Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314361/applications-invited-for-the-aster-guardians-global-nursing-award"
published_at: "2025-09-12T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3c409d56f3_awqe.jpg"
keywords: []
---

# ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്: **നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു.

250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്സിങ്ങ് വിദ്യാഭ്യാസം, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിയ ലോകത്തെവിടെയുമുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകര്‍ക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാര്‍ന്ന പരിശ്രമങ്ങള്‍ എടുത്തുകാണിക്കാനും, അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കന്‍ഡറി പ്രവര്‍ത്തന മേഖലകള്‍ വരെ തിരഞ്ഞെടുക്കാം. കഴിഞ്ഞ വര്‍ഷം 199 രാജ്യങ്ങളില്‍ നിന്നായി 100,000 ലധികം നഴ്സുമാരില്‍ നിന്നുള്ള രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്.

ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നവരെ ആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാന്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് വിഭാവനം ചെയ്യപ്പെട്ടതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ അപേക്ഷകള്‍ www.asterguardians.com ഇഷ്ട ഭാഷകളില്‍ 2025 നവംബര്‍ 10 നകം സമര്‍പ്പിക്കാം. 2026 മെയ് മാസത്തിലെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നടക്കുന്ന ആഗോള അവാര്‍ഡ് ദാന ചടങ്ങില്‍ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314361/applications-invited-for-the-aster-guardians-global-nursing-award)