---
title: "ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം"
english_title: "The lorry collided and entered the shop, causing an accident at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315365/the-lorry-collided-and-entered-the-shop-causing-an-accident-at-naduvannur"
published_at: "2025-09-17T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca7ba3a90e2_sau.JPG"
keywords: []
---

# ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം

> **Lead Summary:** നടുവണ്ണൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരിലെ ആഞ്ഞോളി മുക്കില്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് ഉച്ചക്ക് 1 .30 ഓടുകൂടിയാണ് സംഭവം. ആഞ്ഞൊളിമുക്ക് വളവിന് സമീപത്തെ വനിതാ ഹോട്ടലിനടുത്ത് പണി നടക്കുന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

## Article Content

നടുവണ്ണൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരിലെ ആഞ്ഞോളി മുക്കില്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് ഉച്ചക്ക് 1 .30 ഓടുകൂടിയാണ് സംഭവം. ആഞ്ഞൊളിമുക്ക് വളവിന് സമീപത്തെ വനിതാ ഹോട്ടലിനടുത്ത് പണി നടക്കുന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

പേരാമ്പ്ര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 11 സി എ 5238 ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡേ മാര്‍ട്ട് ഔട്ട്‌ലറ്റ്‌ലെറ്റുകളിലേക്ക് പച്ചക്കറിയും പഴങ്ങളും എത്തിക്കുന്ന ലോറിയാണിത്. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇടതുഭാഗത്തെ കടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ലോറി ഇടിച്ചു കയറിയ സ്ഥലത്ത് അഞ്ചോളം പേര്‍ ജോലി ചെയ്തിരുന്നു. ഇന്ന് ജോലിക്ക് അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറി ഡ്രൈവര്‍ കൊടുവള്ളി സ്വദേശിയായ സുധീഷും ക്ലീനറും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസവും കാറും ബൈക്കും ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡ് റീടാറിങ് കൂടി കഴിഞ്ഞതോടെ ഈ ഭാഗങ്ങളില്‍ അപകടം വര്‍ദ്ധിച്ചു വരികയാണ്. ഇവിടത്തെ എസ് വളവില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് വളവ് നിവര്‍ത്തി നേരെയാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. നിരവധി അപകടങ്ങള്‍ നടന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315365/the-lorry-collided-and-entered-the-shop-causing-an-accident-at-naduvannur)