---
title: "ലഹരിക്കെതിരെ ജനകീയ സമിതി രൂപീകരിച്ചു"
english_title: "People's committee formed against drugs at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315431/peoples-committee-formed-against-drugs-at-koothali"
published_at: "2025-09-17T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cad12ab36a5_aqwe4.JPG"
keywords: []
---

# ലഹരിക്കെതിരെ ജനകീയ സമിതി രൂപീകരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി 2/6 ഏരം തോട്ടം റോഡില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് കുടിവെള്ള ജലജീവന്‍ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തെ റോഡിലും വാട്ടര്‍ ടാങ്കിന് സമീപത്തും രാസ ലഹരി കച്ചവടവും ഉപയോഗവും മദ്യപാനവും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു.

## Article Content

കൂത്താളി: കൂത്താളി 2/6 ഏരം തോട്ടം റോഡില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് കുടിവെള്ള ജലജീവന്‍ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തെ റോഡിലും വാട്ടര്‍ ടാങ്കിന് സമീപത്തും രാസ ലഹരി കച്ചവടവും ഉപയോഗവും മദ്യപാനവും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഈ പ്രദേശത്ത് രാത്രി 12 മണിക്ക് ശേഷം അപരിചിതരായ ആളുകളെ കണ്ടതിനാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. വടകര, തലശ്ശേരി സ്വദേശികളെയാണ് രണ്ടുദിവസങ്ങളിലായി നാട്ടുകാര്‍ പിടികൂടിയത്. മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകള്‍ പോലും ഇവിടെ എത്തിപ്പെടുന്നതിനാല്‍ വന്‍തോതിലുള്ള ലഹരി കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രദേശത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അപരിചിതനായ ആളുകള്‍ വരുന്നത് പതിവ് കാഴ്ചയാണ്. പ്രദേശത്ത് ലഹരി കച്ചവടത്തിന് നേതൃത്വം നല്‍കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എക്‌സൈസ് പൊലീസ് പെട്രോളിംഗ് ഈ മേഖലയില്‍ ശക്തമാക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

സിസിടിവി, തെരുവ് വിളക്ക് എന്നിവ സ്ഥാപിക്കണമെന്നും വാട്ടര്‍ ടാങ്കിന്റെ ഭാഗത്തേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിക്കണമെന്നും പഞ്ചായത്ത് അധികൃതരോട് കമ്മിറ്റി ഭാരവാഹികള്‍ രേഖാമൂലം ആവശ്യപ്പെട്ടു. കമ്മിറ്റി പ്രസിഡന്റ് സുഭാഷ് പി ഹിന്തോളം, സെക്രട്ടറി നിതിന്‍ കൃഷ്ണ, പി. സത്യന്‍, ഇ.ടി ബിജു, വി.പി സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315431/peoples-committee-formed-against-drugs-at-koothali)