---
title: "പേരാമ്പ്രയില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "In Perampra, the farmers' union activists organized a protest and a public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315535/in-perampra-the-farmers-union-activists-organized-a-protest-and-a-public-meeting"
published_at: "2025-09-18T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbae8eafdb3_zsa.jpg"
keywords: []
---

# പേരാമ്പ്രയില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: ജനവാസ മേഖലകളില്‍ ഇറങ്ങി ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വെസ്റ്റ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര: ജനവാസ മേഖലകളില്‍ ഇറങ്ങി ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വെസ്റ്റ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ജനങ്ങളുടെ ജീവനും കൃഷിയും ഭീഷണിയിലാഴ്ത്തുന്ന വന്യമൃഗ ശല്യം തുടര്‍ച്ചയായി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പറഞ്ഞു.

മലയോര മേഖലകളില്‍ പന്നിശല്യം രൂക്ഷമായും കാട്ടുകുരങ്ങ്, കാട്ടാന, മറ്റു വന്യമൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങി മനുഷ്യജീവിതത്തെയും കൃഷിയെയും വന്‍ നഷ്ടത്തിലാഴ്ത്തിയും തുടരുകയാണെന്നും ഇതുമൂലം നിരവധി കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ടി വന്നിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കാട്ടാനാക്രമണത്തില്‍ മാത്രം 180 ജീവനുകളാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ശക്തമായി ഉയര്‍ന്നിരുന്നുവെന്നും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം ഇ.പി. ജയരാജന്‍ നയിച്ച കര്‍ഷകസംഘം മലയോര ജാഥയിലും ഉയര്‍ന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.

പേരാമ്പ്രയില്‍ നടന്ന പൊതുയോഗം കര്‍ഷക സംഘം പേരാമ്പ്ര ഏരിയ ജോ. സെക്രട്ടറി കെ.പി. ഗോപി ഉദ്ഘാടനം ചെയ്തു. ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ടി.എം. ബാലകൃഷ്ണന്‍, കെ.കെ. രാജീവന്‍, വി.പി. സത്യനാഥന്‍, കെ. ദാമോദരന്‍, കെ.സി. അംബുജാക്ഷി, കെ. നമ്പീസ, സി.എം. ദാക്ഷയാനി, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, കെ.സി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാരിന്റെ ധീരമായ തീരുമാനത്തിന് കര്‍ഷകര്‍ നല്‍കിയ നീണ്ട പോരാട്ടങ്ങള്‍ക്ക് ലഭിച്ച നേരിയ മറുപടിയല്ല, മറിച്ച് ശക്തമായ പിന്തുണയാണെന്നു പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315535/in-perampra-the-farmers-union-activists-organized-a-protest-and-a-public-meeting)