---
title: "ലഹരിക്കെതിരെ ഭീമന്‍ ലഹരിവിരുദ്ധ ചിത്രരചനക്ക് തുടക്കമായി"
english_title: "A giant anti-drug painting campaign has begun against drug addiction."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315716/a-giant-anti-drug-painting-campaign-has-begun-against-drug-addiction"
published_at: "2025-09-19T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccf9f8846cd_FREEDAM.jpg"
keywords: []
---

# ലഹരിക്കെതിരെ ഭീമന്‍ ലഹരിവിരുദ്ധ ചിത്രരചനക്ക് തുടക്കമായി

> **Lead Summary:** **കോഴിക്കോട് :** ലഹരിക്കെതിരെ കല പ്രതിരോധമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ഇന്ന് ഫ്രീഡം സ്‌ക്വയറില്‍ ഭീമന്‍ ലഹരിവിരുദ്ധ ക്യാന്‍വാസ് ഒരുങ്ങുന്നത്.

## Article Content

**കോഴിക്കോട് :** ലഹരിക്കെതിരെ കല പ്രതിരോധമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ഇന്ന് ഫ്രീഡം സ്‌ക്വയറില്‍ ഭീമന്‍ ലഹരിവിരുദ്ധ ക്യാന്‍വാസ് ഒരുങ്ങുന്നത്.

ആര്‍ട്ട് ഓവര്‍ ഡ്രഗ്‌സ്' എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള 'പുതുലഹരിയിലേക്ക്' സമഗ്ര ലഹരിവിരുദ്ധ അവബോധ ക്യാമ്പയിന്‍, കേന്ദ്ര സര്‍ക്കാറിന്റെ 'നശാമുക്ത് ഭാരത് അഭിയാന്‍' പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് പത്തിലധികം ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഭീമന്‍ ക്യാന്‍വാസ് ഒരുക്കുന്നത്.

ഇന്ന് കാലത്ത് 9 മുതല്‍ ക്യാന്‍വാസ് രചന ആരംഭിച്ചു. വൈകീട്ട് 5.30 ഓടെ ചിത്രരചന പൂര്‍ത്തിയാക്കും. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

ലഹരിക്കെതിരെ ഷൂട്ട് ഔട്ട്, പഞ്ച് ദി സിഗരറ്റ്, ഹൈക്കു കവിത രചന മത്സരം, സ്പോട്ട് ക്വിസ്സുകള്‍, അഭിപ്രായ സര്‍വേകള്‍, 'ഷെയര്‍ ലവ് നോട്ട് ഡ്രഗ്‌സ്' സെല്‍ഫി കോര്‍ണറുകള്‍ തുടങ്ങിയ വിവിധ ആക്ടിവിറ്റി കോര്‍ണറുകളും ഒരുക്കുന്നുണ്ട്.

പരിപാടി വൈകീട്ട് 5.30 ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍ ലിജോ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം, ഡിസിഐപി കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവര്‍ സംബന്ധിക്കും. ആസാദ് സേന, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315716/a-giant-anti-drug-painting-campaign-has-begun-against-drug-addiction)