---
title: "അഴീക്കോടന്‍ ദിനത്തില്‍ പേരാമ്പ്രയില്‍ സിപിഐ (എം) പ്രകടനവും പൊതുയോഗവും നടത്തി"
english_title: "CPI (M) held a demonstration and public meeting in Perambra on Azhikkodan Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316807/cpi-m-held-a-demonstration-and-public-meeting-in-perambra-on-azhikkodan-day"
published_at: "2025-09-24T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b7b7df0b2_jayan.JPG"
keywords: []
---

# അഴീക്കോടന്‍ ദിനത്തില്‍ പേരാമ്പ്രയില്‍ സിപിഐ (എം) പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** **പേരാമ്പ്ര **: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വലതുപക്ഷ ജീര്‍ണ്ണതക്കുമെതിരെ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ സിപിഐ(എം) പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ (എം) പേരാമ്പ്ര ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്പ്ര റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

## Article Content

**പേരാമ്പ്ര **: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വലതുപക്ഷ ജീര്‍ണ്ണതക്കുമെതിരെ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ സിപിഐ(എം) പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ (എം) പേരാമ്പ്ര ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്പ്ര റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

മാര്‍ക്കറ്റ് സ്‌ക്വയറില്‍ നടത്തിയ പൊതുയോഗം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും തുരങ്കം വയ്ക്കുകയുമെന്ന ഒറ്റ അജന്‍ഡയിലാണ് യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയം കറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന് ലഭിച്ച വന്‍ സ്വീകാര്യത കോണ്‍ഗ്രസിനെയും ബിജെപിയെയും വിറളി പിടിപ്പിച്ചിട്ടുണ്ട്. എല്ലാ സാമുദായിക സംഘടനകളും വിശ്വാസി സമൂഹവും പിന്തുണച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വിട്ടുനിന്നത് ചോദ്യം ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ സുനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മത്, എ.കെ. പത്മനാഭന്‍, എന്‍.പി. ബാബു, വി.കെ പ്രമോദ്, എ.കെ. ബാലന്‍, മനോജ് പരാണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316807/cpi-m-held-a-demonstration-and-public-meeting-in-perambra-on-azhikkodan-day)