---
title: "ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്ന കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം"
english_title: "Protests against Congress actions that undermine the Life Housing Scheme at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316828/protests-against-congress-actions-that-undermine-the-life-housing-scheme-at-perambra"
published_at: "2025-09-24T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3c7ddc3f1c_pri.JPG"
keywords: []
---

# ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്ന കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര :** ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മ്മാണം നടത്തിയ വീടിന്റെ താക്കോല്‍ ദാനം നടത്തിയ കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഐ (എം).

## Article Content

**പേരാമ്പ്ര :** ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മ്മാണം നടത്തിയ വീടിന്റെ താക്കോല്‍ ദാനം നടത്തിയ കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഐ (എം).

പേരാമ്പ്ര കോടേരിച്ചാലില്‍ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവായ കോമച്ചന്‍ കണ്ടി അശോകന്റെ വീടിന്റെ താക്കോല്‍ ദാനം കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ വെച്ച് നടത്തിയതിലും ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി 426017 രൂപ നല്‍കിയിട്ടും ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്ന പ്രചരണത്തിനെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

2021-22 ലെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും 2021 ഫെബ്രുവരിയില്‍ എഗ്രിമെന്റ് വെക്കുകയും 2021 ഡിസംബറില്‍ 4 ലക്ഷം രൂപ വാങ്ങുകയും ചെയ്തതായും ഗ്രാമപഞ്ചായത്ത്് അംഗം കെ. പ്രിയേഷ് അറിയിച്ചു. 90 ദിവസത്തെ തൊഴിലുറപ്പ് വേതനമായ 26017 രൂപയും ഉള്‍പ്പെടെ 426017 രൂപയാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അശോകന്റെ വീടിനായി ചെലവഴിച്ചിട്ടുള്ളത്. ഇതാണ് കോണ്‍ഗ്രസ് തങ്ങളുടെ പദ്ധതിയായി കോടേരിച്ചാലില്‍ നടന്ന ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ പങ്കെടുത്ത കുടുംബ സംഗമത്തില്‍ അവതരിപ്പിച്ചത്.

കുടുംബ സംഗമ പരിപാടിയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധ്വാനം മൂലമാണ് വീട് നിര്‍മ്മിച്ചതെന്ന പരാമര്‍ശത്തിലും പാര്‍ട്ടി പരിപാടിയില്‍ താക്കോല്‍ കൈമാറല്‍ ചടങ്ങ് നടത്തിയതിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ (എം) കോടേരിച്ചാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സിപിഐ (എം) ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ രാജു, കെ.എന്‍ നിജിന്‍, സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316828/protests-against-congress-actions-that-undermine-the-life-housing-scheme-at-perambra)