---
title: "പന്നിശല്യം രൂക്ഷം; പൊറുതിമുട്ടി കര്‍ഷകര്‍"
english_title: "The pest problem is severe; farmers are struggling at changaroth "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316871/the-pest-problem-is-severe-farmers-are-struggling-at-changaroth"
published_at: "2025-09-24T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d40941cb2ed_pig.JPG"
keywords: []
---

# പന്നിശല്യം രൂക്ഷം; പൊറുതിമുട്ടി കര്‍ഷകര്‍

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ കൂനിയോടും പരിസരപ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷം. നിരവധി കര്‍ഷകരുടെ കൃഷികളാണ് വ്യാപകമായി പന്നി നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കൂനിയോട് ഫ്ളോര്‍ മില്ലിലെ ശിവന്‍ കൈലാസിന്റെ കൃഷിയിടത്തിലെ കവുങ്ങില്‍ തൈകളാണ് പന്നി നശിപ്പിച്ചത്.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ കൂനിയോടും പരിസരപ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷം. നിരവധി കര്‍ഷകരുടെ കൃഷികളാണ് വ്യാപകമായി പന്നി നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കൂനിയോട് ഫ്ളോര്‍ മില്ലിലെ ശിവന്‍ കൈലാസിന്റെ കൃഷിയിടത്തിലെ കവുങ്ങില്‍ തൈകളാണ് പന്നി നശിപ്പിച്ചത്.

കപ്പ, വാഴ, ചേമ്പ്, ചേന, എന്നിങ്ങനെ കാര്‍ഷിക വിളകളെല്ലാം പന്നികള്‍ നശിപ്പിക്കുന്നു. നെല്‍കൃഷിയും നശിപ്പിച്ച് തുടങ്ങിയിരിക്കുന്നു. കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയുമാണ് ഇപ്പോഴുള്ളത്.

വൈകീട്ട് കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന പന്നികള്‍ പുലര്‍ച്ചെ വരെ പ്രദേശത്ത് കാണും. കൃഷികളെല്ലാം കുത്തിമറിച്ച് നശിപ്പിച്ചിരിക്കും. പറമ്പുകള്‍ വെട്ടിതെളിക്കാതെ കാടുമൂടികിടക്കുന്ന സ്ഥലത്ത് മൃഗങ്ങള്‍ താവളമാക്കി രാത്രിയോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്.

രാത്രിയില്‍ റോഡിലൂടെ വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പന്നി വാഹനത്തില്‍ വന്ന് തട്ടി വാഹനം മറിഞ്ഞ് നിരവധിപേര്‍ക്ക് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പന്നികള്‍ കൂടാതെ കുരങ്ങന്‍, ആന എന്നിവയുടെ ശല്യവും കര്‍ഷകര്‍ നേരിടേണ്ട അവസ്ഥയാണ്. തെങ്ങ് , കവുങ്ങ് എന്നിവയെല്ലാം ആനകള്‍ നശിപ്പിക്കുന്നു. തേങ്ങക്ക് നല്ല വിലയുള്ള സമയങ്ങളില്‍ പോലും വില്‍ക്കാനുള്ള തേങ്ങകള്‍ കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. എല്ലാം കുരങ്ങുകള്‍ വന്ന് നശിപ്പിക്കും.

വന്യമൃഗ ശല്യത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316871/the-pest-problem-is-severe-farmers-are-struggling-at-changaroth)