---
title: "മൂവ് വിത്ത് പർപ്പസ് ആശയവുമായി നാലാമത് ഫെ‍ഡറൽ  ബാങ്ക് കൊച്ചി മാരത്തൺ; ഓട്ടക്കാർക്ക് ആവേശമായി ഗ്രാൻഡ് ലോഞ്ച് "
english_title: "The fourth Federal Bank Kochi Marathon with the theme 'Move with Purpose'; runners excited about the grand launch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317362/the-fourth-federal-bank-kochi-marathon-with-the-theme-move-with-purpose-runners-excited-about-the-grand-launch"
published_at: "2025-09-27T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d79bc50494e_gods.JPG"
keywords: []
---

# മൂവ് വിത്ത് പർപ്പസ് ആശയവുമായി നാലാമത് ഫെ‍ഡറൽ  ബാങ്ക് കൊച്ചി മാരത്തൺ; ഓട്ടക്കാർക്ക് ആവേശമായി ഗ്രാൻഡ് ലോഞ്ച് 

> **Lead Summary:** കൊച്ചി: വിജയകരമായ മൂന്ന് സീസണുകള്‍ക്ക് ശേഷം ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നാലാം പതിപ്പിന്റെ ഗ്രാന്‍ഡ് ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

## Article Content

കൊച്ചി: വിജയകരമായ മൂന്ന് സീസണുകള്‍ക്ക് ശേഷം ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നാലാം പതിപ്പിന്റെ ഗ്രാന്‍ഡ് ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

ലോകോത്തര മാരത്തണ്‍ നടത്തണമെങ്കില്‍ മികച്ച നഗരം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മത്സരങ്ങളിലൂടെ കൊച്ചിയെ ലോകവേദിയില്‍ അവതരിപ്പിക്കുമ്പോള്‍ നഗരത്തിന് കൂടുതല്‍ അംഗീകാരം ലഭിക്കും.

ഇന്ന് മാരത്തോണ്‍ നഗരത്തേക്കാള്‍ വലുതായി വളരുകയാണ്. ഈ വളര്‍ച്ച കൊച്ചിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രചോദനമാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

കേവലം ഒരു മാരത്തണ്‍ എന്നതിലുപരി, പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം.

സാമൂഹിക ലക്ഷ്യങ്ങള്‍ക്കായും, ആരോഗ്യകരമായ ജീവിതത്തിനായും ഓടുന്ന ആയിരക്കണക്കിന് ആളുകളുടെ സംഗമമായിരിക്കും മാരത്തണ്‍ സീസണ്‍-4. 'ഈ ആശയം ഓര്‍മ്മിപ്പിക്കുന്നത് ഓരോ ചലനവും ഒരു ലക്ഷ്യത്തിന്റെ ദൃശ്യ രൂപമാണെന്നാണ്.

ഇതിലൂടെ ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങള്‍'- ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ അനീഷ് പോള്‍, ബൈജു പോള്‍, ശബരി ആര്‍ നായര്‍, എം.ആര്‍.കെ ജയറാം എന്നിവര്‍ പറഞ്ഞു.

ഫെബ്രുവരി 8-ന് നടക്കുന്ന മാരത്തണ്‍ 42.195 കിലോമീറ്റര്‍, 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ എംവിഎസ് മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ ശശിധരന്‍ സി.എം, വൈസ് പ്രസിഡന്റും എറണാകുളം റീജണല്‍ ഹെഡുമായ ജോസ്മോന്‍ പി. ഡേവിഡ്,റേസ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് മെനേസസ്, ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജെന്‍സി മെഡിസിന്‍ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, ഒളിമ്പ്യന്‍ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മാരത്തണിൽ രജിസ്റ്റർ ചെയ്യാൻ www.kochimarathon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317362/the-fourth-federal-bank-kochi-marathon-with-the-theme-move-with-purpose-runners-excited-about-the-grand-launch)