---
title: "കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇന്നും പേരാമ്പ്രയില്‍ സംഘര്‍ഷം"
english_title: "College union election; clash in Perambra again today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319883/college-union-election-clash-in-perambra-again-today"
published_at: "2025-10-10T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e935d0d4b58_dfgrt.jpg"
keywords: []
---

# കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇന്നും പേരാമ്പ്രയില്‍ സംഘര്‍ഷം

> **Lead Summary:** പേരാമ്പ്ര: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പേരാമ്പ്രയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ഇന്നും പേരാമ്പ്രയില്‍ അക്രമം. എല്‍ഡിഎഫും യുഡിഎഫും പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫിന് 5നും യുഡിഎഫിന് 6നും ആയിരുന്നു പ്രകടനം നടത്താന്‍ പൊലീസ് നല്‍കിയ സമയം. എന്നാല്‍ എല്‍ഡിഎഫ് വൈകിയായിരുന്നു പ്രകടനം തുടങ്ങിയത്.

## Article Content

പേരാമ്പ്ര: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പേരാമ്പ്രയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ഇന്നും പേരാമ്പ്രയില്‍ അക്രമം. എല്‍ഡിഎഫും യുഡിഎഫും പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫിന് 5നും യുഡിഎഫിന് 6നും ആയിരുന്നു പ്രകടനം നടത്താന്‍ പൊലീസ് നല്‍കിയ സമയം. എന്നാല്‍ എല്‍ഡിഎഫ് വൈകിയായിരുന്നു പ്രകടനം തുടങ്ങിയത്.

എല്‍ഡിഎഫ് പ്രകടനം ബസ് സ്റ്റാന്‍ഡില്‍ അവസാനിപ്പിച്ച് യോഗവും നടത്തി പിരിഞ്ഞ ശേഷം തുടങ്ങിയ യുഡിഎഫ് പ്രകടനം ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുന്‍പ് പൊലീസ് തടഞ്ഞതാണ് പ്രശ്നമായത്. ബസ് സ്റ്റാന്‍ില്‍ തമ്പടിച്ച എല്‍ഡിഎഫുകാരുമായി പ്രശ്‌നമുണ്ടാകാതിരിക്കാനാണ് പൊലീസ് യുഡിഎഫ് പ്രകടനം തടഞ്ഞതെങ്കിലും വകവയ്ക്കാതെ യുഡിഎഫ് മുന്നോട്ട് പോയത് പ്രശ്നത്തിനു കാരണമായി. എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ എത്തിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കയ്യില്‍ നിന്നും പൊട്ടി വടകര ഡിവൈസ്പി സി. ഹരിപ്രസാദിന് കൈക്കു പുരുക്കേറ്റു. സാരമായി പരുക്കേറ്റ ഹരിപ്രസാദിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഷാഫി പറമ്പില്‍ എംപിക്കും പരുക്ക് പറ്റി. ഷാഫിയുടെ മൂക്കിനാണ് പരുക്ക് പറ്റിയത്. പ്രശ്നത്തിന് ഇടയില്‍ പൊലീസ് അടിച്ചതാണെന്ന് എംപി പേരാമ്പ്ര ഡിവൈഎസ്പി പി. സുനില്‍ കുമാറിനെ അറിയിച്ചു. സാരമായി പരുക്കു പറ്റിയ ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസിന്റ ഗ്രനേഡ് പ്രയോഗത്തില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരുക്കു പറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319883/college-union-election-clash-in-perambra-again-today)