---
title: "ഷാഫി പറമ്പിലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി; പ്രതിഷേധം ശക്തമാവുന്നു"
english_title: "Shafi Parambil undergoes emergency surgery at privet hospital kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319922/shafi-parambil-undergoes-emergency-surgery-at-privet-hospital-kozhikode"
published_at: "2025-10-11T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9c9312f106_0000_ATTACH_.jpg"
keywords: []
---

# ഷാഫി പറമ്പിലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി; പ്രതിഷേധം ശക്തമാവുന്നു

> **Lead Summary:** **പേരാമ്പ്ര :** ഇന്നലെ പേരാമ്പ്രയില്‍ യുഡിഎഫ് മാര്‍ച്ചിനിടെ പൊലീസിന്റെ ലാത്തി ചാര്‍ജ്ജില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

## Article Content

**പേരാമ്പ്ര :** ഇന്നലെ പേരാമ്പ്രയില്‍ യുഡിഎഫ് മാര്‍ച്ചിനിടെ പൊലീസിന്റെ ലാത്തി ചാര്‍ജ്ജില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പേരാമ്പ്രയില്‍ യുഡിഎഫ് എല്‍ഡിഎഫ് മാര്‍ച്ചുകള്‍ നടന്ന സാഹചര്യത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിനായി യുഡിഎഫിന്റെ മാര്‍ച്ച് ചേനോളി റോഡ് പരിസരത്ത് പൊലീസ് തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധിച്ചപ്പോള്‍ അവിടെ എത്തിയതായിരുന്നു ഷാഫി പറമ്പിലും ഡിസിസി സെക്രട്ടറി കെ പ്രവീണ്‍ കുമാറും എന്‍എസ് യു സെക്രട്ടറി കെ.എം അഭിജിത്തും.

ഇവര്‍ പ്രവര്‍ത്തകരെ ശാന്തമാക്കുന്നതിനിടയിലാണ് പൊലീസ് ഗ്രംനഡും ഡിയര്‍ഗ്യാസും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തത്. ഷാഫി പറമ്പിലിന്റെ മുഖത്തും മൂക്കിനും തലക്കുമാണ് അടിയേറ്റത്. നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ ഷാഫി പറമ്പിലിനെ ഉടന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിടി സ്‌ക്കാനിന് വിധേയമാക്കിയപ്പോള്‍ ഷാഫിയുടെ മൂക്കിന് രണ്ട് പൊട്ടലുകള്‍ കണ്ടെത്തി. ഉടന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ച് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, എം.കെ. രാഘവന്‍ എംപി, മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍ എംഎല്‍എ, മുസ്ലീം ജില്ല സെക്രട്ടറി ടി.ടി. ഇസ്മയില്‍, കെപിസിസി സെക്രട്ടറിമാരായ പി.എം. നിയാസ്, കെ. ജയന്ത് തുടങ്ങി നിരവധി നേതാക്കള്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 9 മണിക്ക് ജില്ല യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐജി ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമവും പേരാമ്പ്രയില്‍ ഇന്ന് വൈകിട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്കെടുക്കുന്ന പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319922/shafi-parambil-undergoes-emergency-surgery-at-privet-hospital-kozhikode)