---
title: "സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം; വിവരാവകാശ കമ്മീഷണര്‍"
english_title: "Information must be disclosed according to Section Four; Information Commissioner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319958/information-must-be-disclosed-according-to-section-four-information-commissioner"
published_at: "2025-10-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9eea591e3c_DWEQS.JPG"
keywords: []
---

# സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം; വിവരാവകാശ കമ്മീഷണര്‍

> **Lead Summary:** കോഴിക്കോട് : വിവരാവകാശം നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ അറിയിച്ചു.

## Article Content

കോഴിക്കോട് : വിവരാവകാശം നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ അറിയിച്ചു.

കോഴിക്കോട്ട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദ കലക്ടറേറ്റാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷം ആയ ഈ വേളയില്‍ പോലും പല ഓഫീസുകളിലും സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി കണ്ടിട്ടില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ എല്ലാ ഓഫീസുകളിലും വിവരാവകാശം വകുപ്പ് 4(1) ബി പ്രകാരമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിവരാവകാശ നിയമ പ്രകാരമുള്ള ബോര്‍ഡുകള്‍ എല്ലാ ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട്. പൗരാവകാശ രേഖകള്‍ എല്ലാ ഓഫീസുകളിലും തയ്യാറാക്കിയിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

കോഴിക്കോട് കലക്ടറേറ്റിലെ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, പിഎസ്‌സി ഓഫീസ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ, ജില്ലാ ട്രഷറി ഓഫീസ്, സര്‍വ്വേയും ഭൂരേഖയും വകുപ്പ് ഓഫീസ്, ലീഗല്‍ മെട്രേജജി വകുപ്പ്, ജില്ലാ ലേബര്‍ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319958/information-must-be-disclosed-according-to-section-four-information-commissioner)