---
title: "ഷാഫി പറമ്പിലിനെതിരായ മര്‍ദ്ദനം; യുഡിഎഫ് പ്രതിഷേധത്തില്‍ സിദ്ദീഖ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ്"
english_title: "Assault on Shafi Parambil; Case filed against leaders including Siddique during UDF protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320054/assault-on-shafi-parambil-case-filed-against-leaders-including-siddique-during-udf-protest"
published_at: "2025-10-11T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea39a162523_hgty.jpg"
keywords: []
---

# ഷാഫി പറമ്പിലിനെതിരായ മര്‍ദ്ദനം; യുഡിഎഫ് പ്രതിഷേധത്തില്‍ സിദ്ദീഖ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ്

> **Lead Summary:** **കോഴിക്കോട് :** പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ ടി സിദ്ദീഖ് എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

## Article Content

**കോഴിക്കോട് :** പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ ടി സിദ്ദീഖ് എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പിഡിപിപി, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം ആക്ട് ഉള്‍പ്പെടെ ചേര്‍ത്താണ് കസബ പൊലീസ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസിന്റെ ഗേറ്റ് തകര്‍ത്തതില്‍ 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്ഐആറില്‍ പറയുന്നു. കൗണ്‍സിലര്‍ പി.എം നിയാസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നൗഷിര്‍, ഷഹീന്‍, വിദ്യ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ തിരിച്ചറിയാനാകുന്ന 95 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാനും ശ്രമിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320054/assault-on-shafi-parambil-case-filed-against-leaders-including-siddique-during-udf-protest)