---
title: "പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് യുഡിഎഫ്"
english_title: "LDF says that UDF and Shafi Parambil caused the trouble in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320086/ldf-says-that-udf-and-shafi-parambil-caused-the-trouble-in-perambra"
published_at: "2025-10-11T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea750f3e051_kc.JPG"
keywords: []
---

# പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് യുഡിഎഫ്

> **Lead Summary:** പേരാമ്പ്ര: ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം ഉള്‍പ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെസി വേണുഗോപാലിന്റെ താക്കീത്.

## Article Content

പേരാമ്പ്ര: ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം ഉള്‍പ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെസി വേണുഗോപാലിന്റെ താക്കീത്.

മുഖ്യമന്ത്രിയുടെ സംരക്ഷണത്തോടെയാണ് ദൈവത്തിന്റെ സ്വത്ത് കട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ശബരിമല മുഴുവന്‍ ചെമ്പ് ആക്കിയേനെയെന്നും ഇതില്‍ അപമാനിതരായ സിപിഎമ്മുകാരുടെ വാക്ക് കേട്ടു വിഷയം വഴി മാറ്റാനാണ് ശ്രമിച്ചതെന്നും ഷാഫിയെ വക വരുത്താന്‍ നോക്കിയാല്‍ യുഡിഎഫ് അങ്ങനെ വിട്ടു കൊടുക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുനില്‍ എന്ന ഡിവൈഎസ്പിയെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടെന്നും 50 പേര് ആയുധവുമായി നിക്കുന്നുണ്ടെന്നാണ് ഡിവൈഎസ്പി ഡിസിസി പ്രസിഡന്റിനോട് പറഞ്ഞതെന്നും ജാഥക്ക് സംരക്ഷണം ഒരുക്കേണ്ട പൊലീസ് സിപിഎമ്മുകാരായ 50 പേര്‍ക്ക് വേണ്ടിയാണ് ഇന്നലെ അക്രമം നടത്തിയതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

ജീവിതാവസാനം വരെ പിണറായി മുഖ്യമന്ത്രി ആകുമെന്ന് കരുതണ്ട, ആറ് മാസം കഴിഞ്ഞാല്‍ എസ്പി ബൈജുവിനെ ഒരിക്കല്‍ കൂടി കാണുമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ താക്കീത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ മുകളില്‍ ഉള്ളവരെ സുഖിപ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസുകാരുടെ മേല്‍ കുതിര കേറിയാല്‍ അപ്പോള്‍ കാണാം എന്നും കേരളമാണ് ഇതെന്ന് ഓര്‍ക്കണമെന്നും കെ.സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ഇത് സിപിഎമ്മിന്റെ അവസാന ഭരണമാണ്. മര്യാദയ്ക്ക് കാക്കിയുടെ വിശുദ്ധി കാണിച്ച് പണിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചെയര്‍മാന്‍ കെ. ബാല നാരായണന്‍ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷി, മന്‍സൂര്‍ അലി ഖാന്‍, എം.കെ രാഘവന്‍ എംപി, കെ. പ്രവീണ്‍ കുമാര്‍, ടി. സിദ്ദിഖ് എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, പി.എം നിയാസ്, കെ ജയന്ത്, കെ.എം അഭിജിത്ത്, കെ.സി അബു, ടി.ടി ഇസ്മയില്‍, എന്‍. സുബ്രഹ്‌മണ്യന്‍, ഐ. മൂസ, പാറക്കല്‍ അബ്ദുള്ള, അബിന്‍ വര്‍ക്കി, സി.എച്ച് ഇബ്രാഹിം കുട്ടി, പി.എം ജോര്‍ജ്ജ്, എം.എ റസാഖ്, വിദ്യ ബാലകൃഷ്ണന്‍, രാജീവ് തോമസ്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, എസ്.പി കുഞ്ഞമ്മദ്, പി.കെ രാഗേഷ്, സൂപ്പി നരിക്കാട്ടേരി, കെ.എ ജോസുകുട്ടി, ടി.പി. ചന്ദ്രന്‍, കെ. രാമചന്ദ്രന്‍, സന്ധ്യ കരണ്ടോട്, ഗൗരി പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ല യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലീംലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320086/ldf-says-that-udf-and-shafi-parambil-caused-the-trouble-in-perambra)