---
title: "പേരാമ്പ്രയിൽ എൽഡിഎഫ് പ്രതിഷേധ റാലി ബുധനാഴ്ച; ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും"
english_title: "LDF protest rally in Perambra on Wednesday; E.P. Jayarajan will inaugurate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320303/ldf-protest-rally-in-perambra-on-wednesday-ep-jayarajan-will-inaugurate"
published_at: "2025-10-13T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec9b25e6750_ep.jpg"
keywords: []
---

# പേരാമ്പ്രയിൽ എൽഡിഎഫ് പ്രതിഷേധ റാലി ബുധനാഴ്ച; ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **പേരാമ്പ്ര:** പ്രദേശത്ത് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനുമുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കും.

## Article Content

**പേരാമ്പ്ര:** പ്രദേശത്ത് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനുമുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കും.

ഒക്ടോബര്‍ 15 ബുധനാഴ്ച വൈകിട്ട് നാലിന് പേരാമ്പ്രയിലാണ് പ്രതിഷേധ പരിപാടി നടക്കുക. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

സികെജി ഗവ. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നും പേരാമ്പ്രയില്‍ യുഡിഎഫ് വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയതെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം മാത്രം നേടിയ എംഎസ്എഫ്-കെഎസ് യു സഖ്യവും യുഡിഎഫും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് എല്‍ഡിഎഫിന്റെ വാദം.

സംഭവങ്ങള്‍ ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണ് ഷാഫി പറമ്പില്‍ എംപി നടത്തിയതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

പേരാമ്പ്ര പൊലീസുകാര്‍ക്കിടയിലേക്ക് യുഡിഎഫുകാര്‍ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫിന്റെ നില പരുങ്ങലിലായതായും ഇതിനെത്തുടര്‍ന്നാണ് ഞായറാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്നും എല്‍ഡിഎഫ് പ്രസ്താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320303/ldf-protest-rally-in-perambra-on-wednesday-ep-jayarajan-will-inaugurate)