---
title: " തന്റെ ലക്ഷ്യത്തിനായി വേദനകള്‍ കടിച്ചമര്‍ത്തിയ പേരാമ്പ്ര സ്വദേശിയായ ദേവനന്ദ ഒന്നാംസ്ഥാനം കരസ്ഥമാക്കി"
english_title: "Devananda, a native of Perambra, who endured pain to achieve his goal, secured first place"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321239/devananda-a-native-of-perambra-who-endured-pain-to-achieve-his-goal-secured-first-place"
published_at: "2025-10-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f33bcace476_dheva.jpg"
keywords: []
---

#  തന്റെ ലക്ഷ്യത്തിനായി വേദനകള്‍ കടിച്ചമര്‍ത്തിയ പേരാമ്പ്ര സ്വദേശിയായ ദേവനന്ദ ഒന്നാംസ്ഥാനം കരസ്ഥമാക്കി

> **Lead Summary:** **പേരാമ്പ്ര: **ജില്ലാ റവന്യൂ സ്‌കൂള്‍ മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജു ഒന്നാംസ്ഥാനം നേടി. കൂടാതെ 200 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് മത്സരത്തില്‍ കൂടി ഗോള്‍ഡ് മെഡലും നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

## Article Content

**പേരാമ്പ്ര: **ജില്ലാ റവന്യൂ സ്‌കൂള്‍ മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജു ഒന്നാംസ്ഥാനം നേടി. കൂടാതെ 200 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് മത്സരത്തില്‍ കൂടി ഗോള്‍ഡ് മെഡലും നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

തന്റെ ലക്ഷ്യത്തിനായി വേദനകള്‍ കടിച്ചമര്‍ത്തിയാണ് ദേവനന്ദ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഇതേ ഇനത്തില്‍ കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.

മത്സരം നടക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ മാസങ്ങളായി അലട്ടുന്ന അപ്പന്റി സൈറ്റിസ് എന്ന ഉദരരോഗത്തിന്റെ വേദനയില്‍ ദേവനന്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നിര്‍ദേശിച്ചിട്ടും തന്റെ ലക്ഷ്യത്തിനായി ഓപ്പറേഷന്‍ മാറ്റിവെച്ചാണ് ദേവനന്ദ ജില്ലാ റവന്യൂ സ്‌കൂള്‍ മേളയിലെത്തി ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയത്.

അസുഖം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ പത്തിന് ഭുവ നേശ്വറില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ദേവനന്ദയ്ക്ക് നഷ്ടമായിരുന്നു.

പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ അസുഖം കാരണം രണ്ടുമാസത്തോളമായി ക്ലാസില്‍ പോകാറില്ല. സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കുശേഷം ഓപ്പറേഷന്‍ ചെയ്യാനാണ് തീരുമാനം.

പൊലീസില്‍ ചേരണമെന്നാണ് ദേവ നന്ദയുടെ ആഗ്രഹം. മമ്മിളിക്കുളം കോട്ടിലോടുമ്മല്‍ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ വി ബിജു. നൂറു മീറ്ററിലും ഇരുന്നൂറ് മീറ്ററിലും സ്വര്‍ണ്ണം നേടിയ ദേവനന്ദ ഇപ്പോള്‍ ഇരട്ടിമധുരം നേടിയ സന്തോഷത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321239/devananda-a-native-of-perambra-who-endured-pain-to-achieve-his-goal-secured-first-place)