---
title: "ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച"
english_title: "Block Panchayat's reconstructed office building inaugurated on Thursday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321760/block-panchayats-reconstructed-office-building-inaugurated-on-thursday"
published_at: "2025-10-21T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f769a4ae910_block_h.JPG"
keywords: []
---

# ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച

> **Lead Summary:** **പേരാമ്പ്ര :** ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. 1957 ല്‍ തോട്ടത്തില്‍ രാവുണ്ണികിടാവ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് പഴയ കെട്ടിടം നിര്‍മ്മിച്ചിരുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിടുകയും 1960 മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു.

കെട്ടിട നിര്‍മ്മാണത്തിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും ചിലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവുന്നത്.

പഴയ കെട്ടിടത്തിന്റെ തനിമ നിലനില്‍ക്കുന്ന വിധത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.

താഴത്തെ നിലയില്‍ ഓഫീസ് സംവിധാനവും ഒന്നാം നിലയില്‍ മീറ്റിംഗ് ഹാളും അനുബന്ധ സംവിധാനങ്ങളും ഉണ്ടായിരിക്കും. കൂടാതെ രണ്ടാം നിലയില്‍ വിശാലമായ മീറ്റിംഗ് ഹാളും തയ്യാറാകുന്നുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 10.30 ന് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും വര്‍ണ്ണ ശബളമായ ഘോഷയാത്ര ആരംഭിക്കും. അന്നേ ദിവസം കാലത്ത് ഒന്‍പതു മണി മുതല്‍ വയോജന ഫസ്റ്റ് നടക്കും. കൂടാതെ വയോജനങ്ങള്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, അംഗങ്ങളായ ശശി കുമാര്‍ പേരാമ്പ്ര, കെ സജീവന്‍, കെ.കെ വിനോദന്‍, പി.ടി അഷറഫ്, കെ.കെ ലിസി, കെ അജിത, സി.എം സനാതനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321760/block-panchayats-reconstructed-office-building-inaugurated-on-thursday)