---
title: "പേരാമ്പ്ര ഗവ. പോളിടെക്‌നിക് സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി"
english_title: "Perambra Govt. Polytechnic land acquisition documents handed over to the Higher Education Department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321803/perambra-govt-polytechnic-land-acquisition-documents-handed-over-to-the-higher-education-department"
published_at: "2025-10-21T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7b300e79a4_saaal.JPG"
keywords: []
---

# പേരാമ്പ്ര ഗവ. പോളിടെക്‌നിക് സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഗവ. പോളിടെക്‌നിക് കോളെജ് നിര്‍മ്മിക്കുന്ന സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. കല്ലൂരില്‍ വെച്ച് നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഗവ. പോളിടെക്‌നിക് കോളെജ് നിര്‍മ്മിക്കുന്ന സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. കല്ലൂരില്‍ വെച്ച് നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ക്ഷമതയുള്ള കുട്ടികള്‍ പഠിച്ചിറങ്ങുന്നത് പോളിടെക്‌നിക്കുകളില്‍ നിന്നാണെന്നും, പോളിടെക്‌നിക് കോളേജുകളിലെ തൊഴില്‍ ലഭ്യത 96 ശതമാനമാണന്നും, ഏറ്റവും തൊഴില്‍ക്ഷമതയുള്ള, പ്ലേസ്മെന്റ് ശതമാനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ പോളിടെക്‌നിക്കുകള്‍ എന്നും, പുതുതായി ആരംഭിക്കാന്‍ പോകുന്ന പോളിടെക്‌നിക് കോളേജ് ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കി ജീവിതവഴികളില്‍ നല്ല രീതിയില്‍ സഹായമാകട്ടെ എന്നും മന്ത്രി പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ വാര്‍ഡില്‍ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുക. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുക. അടുത്ത ആധ്യയനവര്‍ഷം മുതല്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താത്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് എന്‍.പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന, വാര്‍ഡ് അംഗം കെ.സുമതി, സെക്രട്ടറി കെ.ശീതള, പോളിടെക്‌നിക് കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എം ശിഹാബുദീന്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ് , സംഘാടകസമിതി കണ്‍വീനര്‍ കെ.വി കുഞ്ഞികണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321803/perambra-govt-polytechnic-land-acquisition-documents-handed-over-to-the-higher-education-department)