---
title: "പാര്‍പ്പിടം, ശുചിത്വം, കുടിവെള്ളം, യുവജനക്ഷേമം, വിനോദസഞ്ചാരം എന്നിവയക്ക് മുന്‍ഗണന നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് "
english_title: "Perambra Grama Panchayat Budget with Priority for Housing, Sanitation, Drinking Water, Youth Welfare and Tourism"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32196/perambra-grama-panchayat-budget-with-priority-for-housing-sanitation-drinking-water-youth-welfare-and-tourism"
published_at: "2022-03-16T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62321cdbedf60_0000 WATERMARK.jpg"
keywords: []
---

# പാര്‍പ്പിടം, ശുചിത്വം, കുടിവെള്ളം, യുവജനക്ഷേമം, വിനോദസഞ്ചാരം എന്നിവയക്ക് മുന്‍ഗണന നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പാര്‍പ്പിടം, ശുചിത്വം, യുവജനക്ഷേമം, കുടിവെള്ളം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി. 46622521 രൂപ വരവും 463387247 രൂപ ചെലവും 2837774 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നതാണ് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം. റീന ബജറ്റ് അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പാര്‍പ്പിടം, ശുചിത്വം, യുവജനക്ഷേമം, കുടിവെള്ളം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി. 46622521 രൂപ വരവും 463387247 രൂപ ചെലവും 2837774 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നതാണ് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം. റീന ബജറ്റ് അവതരിപ്പിച്ചു.

ബജറ്റില്‍ ദാരിദ്ര്യ ലഘൂകരണം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനിതാ ശിശുവികസനം, വിശപ്പ് രഹിത ഗ്രാമം, കുടിവെള്ളവിതരണം എന്നിവയ്ക്കായി പ്രത്യേകം വകയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി 4 കോടിയിലധികം രൂപ വകയിരുത്തി. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവൃത്തിച്ചുവരുന്ന ഹോമിയോ ഡിസ്പെന്‍സറിക്ക് 2022-23 വര്‍ഷത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.

ജലജീവന്‍ മിഷനുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും രണ്ടുഘട്ടങ്ങളിലായി കുടിവെള്ള കണക്ഷന്‍ നല്കുന്നതിന് 57.6 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്ത് നേരിടുന്ന മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതിക്കായി 40 ലക്ഷം രൂപ വകയിരുത്തി. കായികം യുവജനക്ഷേമ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനായി കളിസ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപയും, കായിക പരിശീലന പ്രോത്സാഹനത്തിനായി നിശ്ചിത തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 40 ലക്ഷം രൂപയും വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 60 ലക്ഷം രൂപയും അംഗന്‍വാടി പോഷകാഹാര പദ്ധതികള്‍ക്കായി 45 ലക്ഷം രൂപയും മറ്റ് സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ക്കായി 38 ലക്ഷം രൂപയും വനിതാ ശിശുക്ഷേമ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപയും പൊതു ആരോഗ്യ പരിപാടികള്‍ക്കായി 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വിനോദ സഞ്ചാര പ്രോത്സാഹനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വകുപ്പുമായി സഹകരിച്ച് ചേര്‍മല കേവ് ടൂറിസം പദ്ധതിക്കായി 3.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷി വികസനം, നാളികേര വികസനം, വിഷരഹിത പച്ചക്കറി വികസനം, കാര്‍ഷിക മേഖലയിലെ സമഗ്രമായ മാറ്റ് ഇടപെടലുകള്‍, കന്നുകുട്ടി പരിപാലനം, മുട്ടഗ്രാമം, ഗ്രാമം, ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് എന്നിങ്ങനെ വിവിധങ്ങളായ ഇടപെടലുകളിലൂടെ സമഗ്രമായ വികസനമാണ് 2022-23 വര്‍ഷത്തേക്ക് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ബജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജു സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലജ പുതിയേടത്ത്, മിനി പൊന്‍പറ, കെ. പ്രിയേഷ് കുമാര്‍, എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും, നിര്‍വ്വഹണ ഉദ്യോഗസ്ഥരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32196/perambra-grama-panchayat-budget-with-priority-for-housing-sanitation-drinking-water-youth-welfare-and-tourism)