---
title: "സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണ്ണം നേടി ദേവനന്ദ വി ബിജു"
english_title: "State School Sports Festival; Devananda V. Biju wins gold"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322337/state-school-sports-festival-devananda-v-biju-wins-gold"
published_at: "2025-10-24T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb51c956e79_DEVA.jpg"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണ്ണം നേടി ദേവനന്ദ വി ബിജു

> **Lead Summary:** പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗമായി നടന്ന അതിലേറ്റിക്‌സില്‍ നൂറു മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി താരമായിരിക്കുകയാണ് പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവാനന്ദ വി ബിജു. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്.

## Article Content

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗമായി നടന്ന അതിലേറ്റിക്‌സില്‍ നൂറു മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി താരമായിരിക്കുകയാണ് പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവാനന്ദ വി ബിജു. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്.

ജില്ലാ റവന്യൂ സ്‌കൂള്‍ മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തിലും, 200 മീറ്റര്‍ ഓട്ടത്തില്‍ ഗോള്‍ഡ് മെഡലും നേടിയിരിരുന്നു ഈ കൊച്ചുമിടുക്കി. ഇതേ ഇനത്തില്‍ കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. തന്റെ ലക്ഷ്യത്തിനായി വേദനകള്‍ കടിച്ചമര്‍ത്തിയാണ് ദേവനന്ദ വിജയം കൈവരിച്ചത്.

അപ്പന്റിസൈറ്റിസ് എന്ന ഉദരരോഗത്തിന്റെ വേദനയില്‍ ദേവനന്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും തന്റെ ലക്ഷ്യത്തിനായി അത് മാറ്റിവെച്ച് ട്രാക്കിലിറങ്ങുകയായിരുന്നു ദേവനന്ദ.

രാവിലെ ഹീറ്റ്‌സ് മത്സരത്തിന് ശേഷം ആശുപത്രിയില്‍ പോയി ചികിത്സ തേടിയ ശേഷമാണ് ഈ മിടുക്കി ഫൈനലിനായി ഓടിയെത്തിയത്. ആശുപത്രിയുടെ വരാന്തയില്‍ നിന്നും ഫിനിഷിംഗ് ലൈനിലേക്കുള്ള ഈ ഓട്ടം അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.

ഇനി ശസ്ത്രക്രിയക്ക് പോകാനാണ് ദേവനന്ദയുടെ തീരുമാനം. പൊലീസില്‍ ചേരണമെന്നാണ് ദേവ നന്ദയുടെ ആഗ്രഹം. മമ്മിളിക്കുളം കോട്ടിലോടുമ്മല്‍ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ വി ബിജു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322337/state-school-sports-festival-devananda-v-biju-wins-gold)