---
title: "ചക്കിട്ടപാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "Complaint alleging threats to Congress workers in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323044/complaint-alleging-threats-to-congress-workers-in-chakkittapara"
published_at: "2025-10-28T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900ad86859d1_acha.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** **ചക്കിട്ടപാറ** : ഇന്നലെ ഇറങ്ങിയ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്‍പില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണ സമിതിയിലെ ചില അംഗങ്ങള്‍ ഭീഷണിപെടുത്തിയതായി പരാതി.

## Article Content

**ചക്കിട്ടപാറ** : ഇന്നലെ ഇറങ്ങിയ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്‍പില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണ സമിതിയിലെ ചില അംഗങ്ങള്‍ ഭീഷണിപെടുത്തിയതായി പരാതി.

ഗ്രാമ പഞ്ചായത്തിലെ 9, 11, 12, 13 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയിലാണ് വ്യാപക ക്രമക്കേട് നടന്നതായി ഇവര്‍ ആരോപിച്ചത്. ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി കോച്ചേരി, പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, ബാബു കൂനന്തടം, ജെയിംസ് മാത്യു, പാപ്പച്ചന്‍ കൂനന്തടം, എബിന്‍ കുംബ്ലാനിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.

സെക്രട്ടറിയുമായി ഇവര്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഭരണ സമിതിയിലെ അംഗങ്ങളെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചക്കിട്ടപ്പാറയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് റെജി കോച്ചേരി, ജിതേഷ് മുതുകാട്, ബാബു കൂനന്തടം, ഗിരിജ ശശി, ജെയിംസ് മാത്യു, പാപ്പച്ചന്‍ കൂനന്തടം, എബിന്‍ കുംബ്ലാനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചക്കിട്ടപാറ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സിപിഎമ്മിന് വിടുപണി ചെയ്യുകയാണെന്ന് ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി കൊച്ചേരി പ്രസ്താവനയില്‍ ആരോപിച്ചു. ചക്കിട്ടപാറ പഞ്ചായത്തില്‍ പുതിയതായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും റെജി കോച്ചേരി ആരോപിച്ചു.

കോണ്‍ഗ്രസ് വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്നും മനപ്പൂര്‍വമായി ക്രമക്കേടുകള്‍ നടത്തിയ ശേഷം പരിഹരിക്കപ്പെടരുത് എന്നതാണ് വിചാരമെന്നും അങ്ങനെയെങ്കിലും ജയിക്കാന്‍ പറ്റുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശ്രമങ്ങളാണ് ചക്കിട്ടപാറയില്‍ നടക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജിതേഷ് മുതുകാട് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323044/complaint-alleging-threats-to-congress-workers-in-chakkittapara)