---
title: " സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്"
english_title: "State Kayakalp Award goes to Peruvannamoozhi Family Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323392/state-kayakalp-award-goes-to-peruvannamoozhi-family-health-center"
published_at: "2025-10-30T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690319bb87d46_kayakalpam.JPG"
keywords: []
---

#  സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്

> **Lead Summary:** **പെരുവണ്ണാമൂഴി :** 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പെരുവണ്ണാമൂഴി :** 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ 99.6 % മാര്‍ക്കോടെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും, 2023-24 വര്‍ഷ ആര്‍ദ്ര പുരസ്‌ക്കാര വിഭാഗത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി ചരിത്രവിജയം കരസ്ഥമാക്കി.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.

കേരളത്തിലെ ജില്ലാ ആശുപത്രി മുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡുകള്‍ നല്‍കുന്നത്. ആശുപത്രികളില്‍ വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ നടത്തി കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രിയെ തിരഞ്ഞെടുക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി, സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു.

2023-24 വര്‍ഷം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ അംഗീകാരം ആശുപത്രിയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും അര്‍പ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ-സുനില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് കമ്മറുദീന്‍ എന്നിവര്‍ അറിയിച്ചു.

അവാര്‍ഡ് ദാന ചടങ്ങില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സി.കെ ഷാജി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ എം.എ ഷാരോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന ഭായ്, നഴ്‌സിങ് ഓഫീസര്‍ സുബിത, പിഎച്ച്എന്‍ ഷാബി, ജെഎച്ച്‌ഐ ജോത്സ്‌ന, ആശ പ്രവര്‍ത്തകര്‍, ജില്ലാ ക്വാളിറ്റി ഓഫീസര്‍ ടി.ആര്‍ സൗമ്യ, പിആര്‍ഒ ഷിജു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323392/state-kayakalp-award-goes-to-peruvannamoozhi-family-health-center)