---
title: "ഗോതമ്പിനും കഴിയും പ്രതിയെ ചൂണ്ടി കാണിക്കാന്‍"
english_title: "Even wheat can point to the culprit at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323606/even-wheat-can-point-to-the-culprit-at-perambra"
published_at: "2025-10-31T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69047c1229a6e_police.jpg"
keywords: []
---

# ഗോതമ്പിനും കഴിയും പ്രതിയെ ചൂണ്ടി കാണിക്കാന്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ വച്ച് ഇരുചക്ര വാഹനം ഇടിക്കുകയും വാഹനം നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ഇടിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ സാധിച്ചതില്‍ പ്രധാന തെളിവായത് ഗോതമ്പ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ വച്ച് ഇരുചക്ര വാഹനം ഇടിക്കുകയും വാഹനം നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ഇടിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ സാധിച്ചതില്‍ പ്രധാന തെളിവായത് ഗോതമ്പ്.

ഈ മാസം ഒമ്പതാം തീയതിയാണ് സംഭവം. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും അപകടം നടത്തിയത് ഒരു വെള്ള സ്‌കൂട്ടര്‍ ആണെന്നും അതില്‍  ഗോതമ്പ് ഉണ്ടായിരുന്നു എന്നും പൊലീസ് മനസ്സിലാക്കിയത്.

തുടര്‍ന്ന് പേരാമ്പ്ര പരിസരങ്ങളിലെ റേഷന്‍കടയില്‍ നിന്നും 9-ാം തിയ്യതി ഗോതമ്പ് വാങ്ങിയവരുടെ വിവരം ശേഖരിക്കുകയും പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുകയും സിസിടിവിയില്‍ ഒരാള്‍ വെള്ള സ്‌കൂട്ടറിൽ വരുന്നതായി കണ്ടെത്തി . അന്നേ ദിവസം ഇയാള്‍ പൈതോത്ത് റോഡിലെ റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് വാങ്ങിയതായി പൊലീസിന് വ്യക്തമായി.

റേഷന്‍ കടയില്‍ പോയി അന്വേഷിച്ചെങ്കിലും അന്നേദിവസം അവിടെ നിന്നും ഗോതമ്പ് ആരും വാങ്ങിയിട്ടില്ല എന്ന ഉടമയുടെ മറുപടി പൊലീസിനെ വട്ടം കറക്കി. എന്നാല്‍ കൊയിലാണ്ടി സപ്ലൈ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടെ നിന്നും തന്നെയാണ് ഗോതമ്പ് വാങ്ങിയതെന്നും  പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് ഇടിച്ച വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോള്‍ വാഹന ഉടമ ആദ്യം നിഷേധിക്കുകയും പിന്നീട് പൊലീസിന്റെ നിരന്തര ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ രാജേഷ് മേക്കാട്, എസ് സിപിഒ ബോബി, സിപിഒ വിശാഖ്, ഡിവൈഎസ്പി സ്‌ക്വാഡ് അംഗം സിഞ്ചുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323606/even-wheat-can-point-to-the-culprit-at-perambra)