---
title: "കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനം സാംസ്‌കാരിക കേരളത്തിന് അപമാനം; എസ് സി എസ് ടി കോഡിനേഷന്‍ കമ്മിറ്റി"
english_title: "The announcement that the Kerala government is going to make is an insult to cultural Kerala; SCST Coordination Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323668/the-announcement-that-the-kerala-government-is-going-to-make-is-an-insult-to-cultural-kerala-scst-coordination-committee"
published_at: "2025-10-31T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904cc85c60eb_QWE.JPG"
keywords: []
---

# കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനം സാംസ്‌കാരിക കേരളത്തിന് അപമാനം; എസ് സി എസ് ടി കോഡിനേഷന്‍ കമ്മിറ്റി

> **Lead Summary:** പേരാമ്പ്ര: കേരള പിറവി ദിനത്തില്‍ കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് എസ് സി എസ് ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര: കേരള പിറവി ദിനത്തില്‍ കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് എസ് സി എസ് ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതി ദരിദ്ര മുക്ത കേരളമെന്ന കേരള സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം വോട്ട് നേടാനുള്ള തന്ത്രവും മറ്റാരായോ സഹായിക്കാനുള്ള പദ്ധതിയാണെന്നും, ദരിദ്രരോടുള്ള വഞ്ചനയുമാണെന്നും അവര്‍ പറഞ്ഞു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തിന് തയ്യാറായതെന്നും എന്ത് രേഖയാണ് പൊതുസമൂഹത്തിന് മുമ്പില്‍ സര്‍ക്കാറിന് വെക്കാനുള്ളതെന്നും ഏതെങ്കിലും ഒരു സര്‍വ്വേയുടെ അടിസ്ഥാനത്തിലാണോ, ആണെങ്കില്‍ സര്‍വ്വെ നടത്തിയ ഏജന്‍സിയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ 14 ജില്ലകളിലെ 1000 ത്തില്‍ അധികം വരുന്ന പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും സര്‍വ്വേ നടത്തിയതിന്റെ എന്തെങ്കിലും ഒരു തെളിവുകള്‍ ദരിദ്രരില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ആളുകളുടെ മുമ്പില്‍ സര്‍ക്കാറിന് വെയ്ക്കാന്‍ കഴിയുമോയെന്നും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് പകരം കഴിഞ്ഞ 9 വര്‍ഷത്തെ ഭരണം കൊണ്ട് കൂടുതല്‍ കൂടുതല്‍ ദരിദ്രന്മാരെ സൃഷ്ട്ടിക്കാനാണ് സര്‍ക്കാറിന് കഴിഞ്ഞിട്ടുള്ളതെന്നാണ് വസ്തുതയെന്നും ആരെ സഹായിക്കാനും തൃപ്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു മുഖം മൂടി അണിയുന്നത് ഇതിന് മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവകേരള സൃഷ്ട്ടിക്കുവേണ്ടി തയ്യാറാക്കിയ നയരേഖയില്‍ ദരിദ്ര ജനവിഭാഗമായ പട്ടികജാതി വര്‍ഗ്ഗ സമൂഹത്തിനും മറ്റും എന്ത് പദ്ധതിയാണ് ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാരും സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നവരും സമൂഹത്തോട് പറയാന്‍ തയ്യാറാവണമെന്നും തല ചായ്ക്കാന്‍ കൂരയില്ലാത്തവര്‍, സ്വന്തമായി ഭൂമി ഇല്ലാത്തവര്‍, മരണപ്പെട്ടു പോയാല്‍ മറവു ചെയ്യാന്‍ ഇടമില്ലാത്തവര്‍, പരമ്പരാഗത തൊഴില്‍ ചെയ്ത് ജീവിച്ചു പോന്നവര്‍, ആ മേഖലയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍, മൂന്നു നേരം അന്നത്തിന് വകയില്ലാത്തവര്‍, മാറാവ്യാധികള്‍ പിടിപ്പെട്ട് കിടക്കുന്നവര്‍, ആശ്രയമില്ലാതെ കിടക്കുന്നവര്‍ ഇവരെ സംരക്ഷിക്കാന്‍ നവകേരള രേഖയില്‍ എവിടെയെങ്കിലും ഒരു വരികളാല്‍ രേഖപ്പെടുത്തുവാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടോയെന്നും അവര്‍ പറഞ്ഞു.

ഇത്തരം സത്യങ്ങള്‍ മറച്ചുവെച്ച് കൊണ്ടാണ് സര്‍ക്കാര്‍ ദാരിദ്ര മുക്ത കേരളം എന്ന പ്രഖ്യാപനം നടത്തുന്നതെന്നും ഇത് ഭരണഘടന അവകാശത്തോടുള്ള വെല്ലുവിളിയും സാമുഹിക നീതി നിഷേധവുമാണെന്നും കോഡിനേഷന്‍ നേതാക്കാള്‍ പ്രസ്താവിച്ചു. സര്‍ക്കാറിന്റെ ഈ വഞ്ചനക്കെതിരെ അതിശക്തമായ പ്രക്ഷോപ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കോഡിനേഷന്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വാര്‍ത്ത സമ്മേളനത്തില്‍ വാസു വേങ്ങേരി, വി.പി. ബാലന്‍, എ.എം. ബാലന്‍, സി. നാരായണന്‍, മോഹനന്‍ പേരാമ്പ്ര, വി.പി. വേണു, രാജന്‍. കെ. ഐശ്വര്യ, ദേവി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323668/the-announcement-that-the-kerala-government-is-going-to-make-is-an-insult-to-cultural-kerala-scst-coordination-committee)