---
title: "തൊഴില്‍ സ്ഥാപനത്തിനു നേരെയുള്ള അക്രമം: മോഷണം പോയ ക്യാമറ കണ്ടെത്തി "
english_title: "Violence against workplace: Stolen camera found"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32380/violence-against-workplace-stolen-camera-found"
published_at: "2022-03-17T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തൊഴില്‍ സ്ഥാപനത്തിനു നേരെയുള്ള അക്രമം: മോഷണം പോയ ക്യാമറ കണ്ടെത്തി 

> **Lead Summary:** ** പേരാമ്പ്ര:** പന്തിരിക്കര പള്ളികുന്ന് പ്രകാശ് അയേണ്‍ വര്‍ക്‌സ് തൊഴില്‍ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി നിരീക്ഷണ ക്യാമറകളിലൊന്ന് നശിപ്പിക്കുകയും, ഒരെണ്ണം മോഷണം പോയ സംഭവത്തില്‍ ക്യാമറ കണ്ടെത്തി.

## Article Content

** പേരാമ്പ്ര:** പന്തിരിക്കര പള്ളികുന്ന് പ്രകാശ് അയേണ്‍ വര്‍ക്‌സ് തൊഴില്‍ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി നിരീക്ഷണ ക്യാമറകളിലൊന്ന് നശിപ്പിക്കുകയും, ഒരെണ്ണം മോഷണം പോയ സംഭവത്തില്‍ ക്യാമറ കണ്ടെത്തി.

മോഷ്ടിച്ച ക്യാമറ സ്ഥാപനത്തിന് സമീപം മുപ്പത് മീറ്റര്‍ അകലെ ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കണ്ടെത്തിയത്.

സമീപവാസികള്‍ സ്ഥലത്ത് ജോലിക്കെത്തിയ സമയത്താണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്യാമറ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പോലിസിന്റെ ഊര്‍ജിത അന്വേഷണം നടക്കുന്നതിനിടയില്‍ സംഭവം നടന്ന് ഓരാഴ്ച പിന്നിടുമ്പോഴാണ് ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞത്. ക്യാമറ തകര്‍ക്കുമ്പോള്‍ മണിക്കൂറുകളോളം കടവരാന്തയില്‍ ചിലവഴിച്ച ആളെ സി.സി.ടി.വി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇയാളെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിനിടയിലാണ് ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞത്. ആള്‍ താമസമില്ലാത്ത ഈ സ്ഥലത്ത് അപരിചിതരായ ആള്‍ക്കാര്‍ ബൈക്കിലും മറ്റു വാഹനങ്ങളിലും ഈ സ്ഥലത്ത് വന്നു പോകാറുണ്ടെന്നും, പലപ്പോഴും പേടികാരണം രാത്രി സമയങ്ങളില്‍ വിട് മാറി താമസിക്കേണ്ടി വന്നിട്ടുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വില്‍പ്പനയും ഈ ഭാഗത്ത് നടക്കാറുണ്ടെന്നും പ്രദേശത്ത് അറവ് മാലിന്യവും, കക്കൂസ് മാലിന്യവുമുള്‍പ്പെടെ വഴിയരികില്‍ തള്ളാറുള്ളതിനാല്‍ പള്ളിക്കുന്ന് പ്രദേശത്ത് അടിയന്തിരമായി നീരിക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും, രാത്രികാല പട്രോളിങ് ശക്തമാക്കി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ വിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാണ് നാട്ടുകാര്‍ അധികാരികളോടാവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32380/violence-against-workplace-stolen-camera-found)