---
title: "പേരാമ്പ്ര സി.കെ.ജി കോളേജില്‍ അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം "
english_title: "Inauguration of Academic Block and Ladies Hostel at CKG College, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32397/inauguration-of-academic-block-and-ladies-hostel-at-ckg-college-perambra"
published_at: "2022-03-17T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62335fd7e7fb3_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര സി.കെ.ജി കോളേജില്‍ അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര സി.കെ.ജി.മെമ്മോറിയല്‍ ഗവ: കോളേജില്‍ റൂസ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും, യു.ജി.സി സ്‌കീമില്‍ നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 2022 മാര്‍ച്ച് 19ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര സി.കെ.ജി.മെമ്മോറിയല്‍ ഗവ: കോളേജില്‍ റൂസ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും, യു.ജി.സി സ്‌കീമില്‍ നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 2022 മാര്‍ച്ച് 19ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 19 ന് ഉച്ചക്ക് 2.30ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. മികവിന്റെ നാല് ദശകങ്ങള്‍ പിന്നിട്ട കലാലയത്തിന് പുതിയതായി അനുവദിച്ച ബി.എസ്.സി അപ്ലയിഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും.

റൂസ പ്രൊജക്ടിന്റെ ഭാഗമായി അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണവും മെയിന്‍ ബ്ലോക്കിന്റെ അറ്റകുറ്റപ്പണിയും നടത്തിയത്.

യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ 1.2 കോടി രൂപ ചെലവഴിച്ചാണ് വനിത ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വടകര എം.പി. കെ. മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് ഏവരേയും സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നതായി കോളെജ് പ്രിന്‍സിപ്പാള്‍ കെ.പി. പ്രിയദര്‍ശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂര്‍, കെ. ജസ്ലിന്‍, എന്‍.എം. പ്രതീഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32397/inauguration-of-academic-block-and-ladies-hostel-at-ckg-college-perambra)