---
title: "റിമാന്റിലായ വി.പി. ദുല്‍ഖിഫില്‍ രണ്ടാം ദിവസവും ഉപവാസം തുടരുന്നു "
english_title: "Remanded VP Dulkhifil continues his fast for the second day at koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323972/remanded-vp-dulkhifil-continues-his-fast-for-the-second-day-at-koilandi"
published_at: "2025-11-02T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690752fb23895_dul.JPG"
keywords: []
---

# റിമാന്റിലായ വി.പി. ദുല്‍ഖിഫില്‍ രണ്ടാം ദിവസവും ഉപവാസം തുടരുന്നു 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് റിമാന്റിലായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുല്‍ഖിഫില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഉപവാസം രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. വീട് കയറിയുള്ള പൊലീസിന്റെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഉപവാസം തുടരുന്നത്.

## Article Content

പേരാമ്പ്ര : പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് റിമാന്റിലായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുല്‍ഖിഫില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഉപവാസം രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. വീട് കയറിയുള്ള പൊലീസിന്റെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഉപവാസം തുടരുന്നത്.

മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ദുല്‍ഖിഫിലിനെ ഇന്ന് രാവിലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. പേരാമ്പ്ര നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടാവുകയും ഉന്തും തള്ളിലും കലാശിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ഇതിനെ തുടര്‍ന്ന് ദുല്‍ഖിഫിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പയ്യോളി കോടതിയില്‍ ഹാജരാക്കിയ ദുല്‍ഖിഫിലിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു.

ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത്, ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹീന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, കെ എസ് യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, എടത്തില്‍ ശിവന്‍, തന്‍ഹീര്‍ കൊല്ലം, സുധിന്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ ആശുപത്രിയില്‍ എത്തി ദുല്‍ഖിഫിലിനെ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323972/remanded-vp-dulkhifil-continues-his-fast-for-the-second-day-at-koilandi)