---
title: "പേരാമ്പ്രയുടെ വേഗറാണി ദേവനന്ദക്ക് വീടൊരുങ്ങുന്നു"
english_title: "A house is being prepared for Devananda, the speed queen of Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324183/a-house-is-being-prepared-for-devananda-the-speed-queen-of-perambra"
published_at: "2025-11-03T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908ca0e20c65_apon.JPG"
keywords: []
---

# പേരാമ്പ്രയുടെ വേഗറാണി ദേവനന്ദക്ക് വീടൊരുങ്ങുന്നു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയുടെ വേഗറാണി ദേവനന്ദക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡോടെ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ദേവനന്ദ പേരാമ്പ്രയുടെ അഭിമാനവും വേഗറാണിയുമായി മാറിയത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയുടെ വേഗറാണി ദേവനന്ദക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡോടെ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ദേവനന്ദ പേരാമ്പ്രയുടെ അഭിമാനവും വേഗറാണിയുമായി മാറിയത്.

കായിക മേളയില്‍ രണ്ടാം സ്വര്‍ണം നേടിയ ദേവനന്ദയെ അഭിനന്ദിക്കാനായി കായിക മേള ഗ്രൗണ്ടില്‍ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കുശലാന്വേഷണത്തിനിടയിലാണ് ദേവനന്ദക്ക് അടച്ചുറപ്പുള്ള വീടില്ലാത്ത അവസ്ഥ അറിയുന്നത്. ഉടന്‍ അവിടെ വെച്ച് തന്നെ വിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും സ്‌കൗട്ട് & ഗൈഡ്‌സ് അധികൃതരെ വിളിച്ച് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അപ്പന്റിക്‌സ് രോഗം അലട്ടുന്ന ദേവനന്ദക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചെങ്കിലും കായിക മേളയില്‍ പങ്കെടുക്കണമെന്ന മോഹം മൂലം ചികിത്സ മാറ്റി വെച്ച് കായിക മേളയില്‍ പങ്കെടുക്കുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാകാതെയാണ് ട്രാക്കിലിറങ്ങിയതും സ്വര്‍ണ്ണം നേടിയതും.

തിരക്കുകള്‍ക്കിടയിലും മന്ത്രി തറക്കല്ലിടാന്‍ നേരിട്ടെത്തുകയായിരുന്നു. ചടങ്ങിന് സാക്ഷിയാവാന്‍ കല്പത്തൂര്‍ നാട് ഒന്നാകെ ഒഴുകി എത്തി. ജനാവലിയെ സാക്ഷി നിര്‍ത്തി മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ തറക്കല്ലില്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ശസ്ത്രക്രിയക്ക് വിധേയയായി ആശുപത്രിയില്‍ കഴിയുന്ന ദേവനന്ദയെ വീഡിയോ കോളിലൂടെ വീടിന് തറക്കല്ലിട്ട വിവരം മന്ത്രി തന്നെ നേരിട്ട് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ടെന്നും വയനാട്ടില്‍ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി വീട് ഉണ്ടാക്കാന്‍ തറക്കല്ലിട്ടവര്‍ മുങ്ങി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ആരും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അതു പോലെയല്ല ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രവാര്‍ത്തികമാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും അതിന് ഉദാഹരണമാണ് പേരാമ്പ്രയില്‍ കായിക താരത്തിനുള്ള വീടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര കല്പത്തൂര്‍ മമ്മിളിക്കുളത്ത് ദേവനന്ദയുടെ വീടിനോട് ചേര്‍ന്ന് റിട്ട. അധ്യാപകനും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ കോട്ടിലോട്ട് ശ്രീധരന്‍ സൗജന്യമായി നല്‍കിയ ലക്ഷങ്ങള്‍ വിലവരുന്ന അഞ്ച് സെന്റ് സ്ഥലത്താണ് വീടിന് തറക്കല്ലിട്ടത്. അദ്ദേഹത്തെ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി പൊന്നാടയിട്ട് ആദരിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍.കെ. പ്രഭാകരന്‍,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി,  സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, കെ.സി ബാബുരാജ്, കെ.സി ഗോപാലന്‍, ശശികുമാര്‍ അമ്പാളി, എം.ടി ഹമീദ്, കെ.എം രാഗേഷ്, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324183/a-house-is-being-prepared-for-devananda-the-speed-queen-of-perambra)