---
title: "ഒപ്പനയുടെ താളം മുറുകിയപ്പോള്‍ കാണികളുടെ മനസ്സില്‍ ഇശലിന്റെ തേന്‍ മഴ പെയ്തിറങ്ങി "
english_title: "As Oppana's rhythm tightened, Ishaal's honey rained down on the audience's hearts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324728/as-oppanas-rhythm-tightened-ishaals-honey-rained-down-on-the-audiences-hearts"
published_at: "2025-11-07T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d6788c5e74_eshal.JPG"
keywords: []
---

# ഒപ്പനയുടെ താളം മുറുകിയപ്പോള്‍ കാണികളുടെ മനസ്സില്‍ ഇശലിന്റെ തേന്‍ മഴ പെയ്തിറങ്ങി 

> **Lead Summary:** **വോളീബോളിന്റെ സ്മാഷുകള്‍ പതിച്ച നടുവണ്ണൂരിന്റെ മണ്ണില്‍ ഒപ്പനയുടെ താളം മുറുകിയപ്പോള്‍ സ്‌കൂള്‍ മൈതാനത്ത് തിങ്ങി നിറഞ്ഞ കാണികളുടെ മനസ്സില്‍ ഇശലിന്റെ തേന്‍ മഴ പെയ്തിറങ്ങി.**

## Article Content

**വോളീബോളിന്റെ സ്മാഷുകള്‍ പതിച്ച നടുവണ്ണൂരിന്റെ മണ്ണില്‍ ഒപ്പനയുടെ താളം മുറുകിയപ്പോള്‍ സ്‌കൂള്‍ മൈതാനത്ത് തിങ്ങി നിറഞ്ഞ കാണികളുടെ മനസ്സില്‍ ഇശലിന്റെ തേന്‍ മഴ പെയ്തിറങ്ങി.**

**
**

ഇശലുകള്‍ക്കൊത്ത് മൈലാഞ്ചിയിട്ട് കാച്ചിയുടുത്ത മൊഞ്ചത്തിമാര്‍ ചാഞ്ഞും മുറികുയും ചുവട് വെച്ചപ്പോള്‍ കൂടെ കൈ കൊട്ടിതാളം പിടിക്കാന്‍ കാണികളും മൊഞ്ചത്തിമാര്‍ക്കൊപ്പം കൂടി. അറിയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് ഒപ്പന മത്സരങ്ങള്‍ ആരംഭിച്ചത്. കുഞ്ഞു മൊഞ്ചത്തിമാരുടെ ഒപ്പന കാണാന്‍ കാലത്തു തന്നെ കലാപ്രേമികളുടെ ഒഴുക്കായിരുന്നു. മത്സരം ആരംഭിക്കുന്നതിന് എത്രയോ മുന്നേ തന്നെ തങ്ങളുടെ ഇരിപ്പിടം ഒത്തുകൂടിയവര്‍ ഉറപ്പിച്ചിരുന്നു.

വേദിയുടെ ഇരുഭാഗത്തുമുള്ള കെട്ടിടങ്ങളുടെ സ്റ്റെപ്പുകളിലും വരാന്തകളിലുമായി കാണികള്‍ തിങ്ങിനിറഞ്ഞത് ഒപ്പനയെ നടുവണ്ണൂരിന്റെ മണ്ണ് നെഞ്ചേറ്റി എന്നതിന് തെളിവായിരുന്നു. യു.പി വിഭാഗം ഒപ്പനയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രകടനം.

യുപി വിഭാഗത്തില്‍ കോട്ടൂരിനൊപ്പമായിരുന്നു വിജയം. എന്നാല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിവയില്‍ നടുവണ്ണൂര്‍ ഗവ.എച്ച്എസ്എസ് മാറ്റ് തെളിയിച്ച് ജില്ല തലത്തിലേക്ക് യോഗ്യത നേടി. കലാപ്രേമികളുടെ ഒഴുക്ക് ഉപജില്ലാ കലോത്സവത്തെ ജനകീയമാക്കി. എല്ലാ വേദികള്‍ക്ക് മുന്നിലും ജനബാഹുല്യം അനുഭവപ്പെട്ടു. നാടകത്തിനും ഒപ്പനക്കും സംഘ നൃത്തത്തിനും, വട്ടപ്പാട്ടിനും, തിരുവാതിരക്കും തിങ്ങി നിറഞ്ഞ സദസ്സ് നടുവണ്ണൂര്‍ കൈ പന്തിനോടൊപ്പം കലയേയും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324728/as-oppanas-rhythm-tightened-ishaals-honey-rained-down-on-the-audiences-hearts)