---
title: "വിവരാവകാശ അപേക്ഷകളില്‍ ഫീസ് അടക്കാന്‍ നിര്‍ദേശം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണം - വിവരാവകാശ കമീഷണര്‍"
english_title: "Documents should be provided free of cost if no fee is requested for RTI applications - RTI Commissioner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325566/documents-should-be-provided-free-of-cost-if-no-fee-is-requested-for-rti-applications-rti-commissioner"
published_at: "2025-11-12T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69142e0d25e4d_saaal.JPG"
keywords: []
---

# വിവരാവകാശ അപേക്ഷകളില്‍ ഫീസ് അടക്കാന്‍ നിര്‍ദേശം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണം - വിവരാവകാശ കമീഷണര്‍

> **Lead Summary:** **പേരാമ്പ്ര: **വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ ഫീസ് അടക്കുന്നതിന് വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍.

## Article Content

**പേരാമ്പ്ര: **വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ ഫീസ് അടക്കുന്നതിന് വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍.

വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പിന് ഫീസടക്കാനുണ്ടെങ്കില്‍ പകര്‍പ്പിന്റെ പേജ് കണക്കാക്കി ഒരു പേജിന് 3 രൂപ നിരക്കില്‍ മൊത്തം അടക്കേണ്ട തുകയും ഏത് അക്കൗണ്ടിലേക്കാണ് അടക്കേണ്ടതെന്നും വ്യക്തമാക്കിയുള്ള കത്ത് അപേക്ഷകര്‍ക്ക് നല്‍കേണ്ടതാണ്.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരുന്നാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി അപേക്ഷകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ച പരാതിയുടെ പകര്‍പ്പ് ഹര്‍ജിക്കാരിക്ക് നല്‍കാത്തതിനാല്‍ അവ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കമീഷണര്‍ അറിയിച്ചു.

വയനാട്ടിലെ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് സി.സി. ടി. വി ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ടത്തില്‍ ലഭിച്ചില്ലെന്ന പരാതിയില്‍ അവ രണ്ടാഴ്ചക്കകം നല്‍കാന്‍ വിവരാവകാശ ഓഫീസര്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ഫീസടക്കാന്‍ വ്യക്തമായ നിര്‍ദ്ദം നല്‍കാത്ത ഫറൂഖ് മുന്‍സിപ്പാലിറ്റി വിവരാരാവകാശ ഓഫീസറോട് അപേക്ഷകന് സൗജന്യമായി പകര്‍പ്പ് നല്‍കാനായി നിര്‍ദ്ദേശിച്ചു.

കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്നും കമ്മീഷണര്‍ പറഞ്ഞു. 

ഇലക്ട്രിക്കല്‍ ഡിവിഷന്‍ വൈദ്യുതി ഭവന്‍ കോഴിക്കോട്,തിരൂര്‍ പോലീസ് സ്റ്റേഷന്‍, താമരശ്ശേരി പോലീസ് സ്റ്റേഷന്‍, കാലിക്കറ്റ് സര്‍വ്വകലാശാല,കോഴിക്കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തിരൂരങ്ങാടി വില്ലേജ് ഓഫീസ്, താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഓഫീസ്, ഫറോക്ക് മുന്‍സിപ്പാലിറ്റി, പൊഴുതന വില്ലേജ് ഓഫീസ് , ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നീ ഓഫീസുകളുമായി ബന്ധപ്പെട്ട ഹര്‍ജിയിന്‍മേല്‍ സിറ്റിംഗില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

നേരത്തെ കമ്മീഷന്‍ താല്‍ക്കാലികമായി ശിക്ഷിക്കാന്‍ തീരുമാനിച്ച ഹര്‍ജികളിലും കൂടുതല്‍ വിശദീകരണം കേള്‍ക്കാനായി ഇന്ന് പരിഗണിച്ചു. ഹിയറിങ്ങില്‍ പരിഗണിച്ച 16 ഹരജികള്‍ തീര്‍പ്പാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325566/documents-should-be-provided-free-of-cost-if-no-fee-is-requested-for-rti-applications-rti-commissioner)