---
title: "ചെങ്ങോടുമല ഖനനം: കേന്ദ്രവും അനുമതി നല്‍കിയില്ല "
english_title: "Chengodumala mining: The Center did not give permission either"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32558/chengodumala-mining-the-center-did-not-give-permission-either"
published_at: "2022-03-18T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623498684c7b2_vvvv - Copy (3) - Copy.JPG"
keywords: []
---

# ചെങ്ങോടുമല ഖനനം: കേന്ദ്രവും അനുമതി നല്‍കിയില്ല 

> **Lead Summary:** ** കൂട്ടാലിട **: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി മുമ്പാകെ നല്‍കിയ പാരിസ്ഥിതികാനുമതിക്കു വേണ്ടിയുളള അപേക്ഷ സമിതി തിരിച്ചയച്ചു.

## Article Content

** കൂട്ടാലിട **: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി മുമ്പാകെ നല്‍കിയ പാരിസ്ഥിതികാനുമതിക്കു വേണ്ടിയുളള അപേക്ഷ സമിതി തിരിച്ചയച്ചു.

ഫെബ്രുവരി 22 ന് സമര സമിതി ചെയര്‍മാന്‍ വി.വി ജിനീഷ് നല്‍കിയ തടസ ഹരജി പരിഗണിച്ചാണ് തീരുമാനം. തടസ ഹരജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് വാസുദേവന്‍ മുഖേന ഹൈക്കോടതിയില്‍ റിട്ടും സമര്‍പ്പിച്ചിരുന്നു.

ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘവും സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതിയും ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഖനനം പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇതെല്ലാം കാണിച്ചാണ് തടസ ഹരജി ഫയല്‍ ചെയ്തത്. 2021 നവംബര്‍ 2നാണ് കമ്പനി പാരിസ്ഥിതികാനുമതിക്ക് വേണ്ടി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ കമ്മിറ്റി മുമ്പാകെ അപേക്ഷ നല്‍കിയത്.

അപേക്ഷയുടെ കൂടെ വെച്ച ജില്ലാ സര്‍വ്വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതായതു കൊണ്ട് കമ്മിറ്റി 2021 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടന്ന യോഗത്തില്‍ തീരുമാനമെടുക്കാതെ മാറ്റി വെച്ചു.

തുടര്‍ന്ന് കമ്പനി കോഴിക്കോട് മൈനിംഗ് ആന്റ് ജിയോളജിയില്‍ നിന്ന് പുതിയ ജില്ലാ സര്‍വ്വേ റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയും പാരിസ്ഥിതികാനുമതി അപേക്ഷ ഒരു മാസത്തിനുളളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന ഉത്തരവ് സംഘടിപ്പിക്കുകയും ചെയ്ത് 2022 ഫെബ്രുവരി 15 ന് വീണ്ടും അപേക്ഷ നല്‍കി.

ഈ അപേക്ഷ മാര്‍ച്ച് 9 ന് പരിഗണിച്ചപ്പോളാണ് തിരിച്ചയച്ചത്. ഖനനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സമിതിക്ക് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തും കത്തയച്ചിരുന്നു.

സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 10000 ഇ മെയിലുകള്‍ അയക്കുന്ന കാംപെയിനും നടത്തിയിരുന്നു. കഴിഞ്ഞ നാലര വര്‍ഷമായി നാട്ടുകാര്‍ ചെങ്ങോടുമല ഖനനനീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭവും നിയമ പോരാട്ടവും നടത്തിവരുകയാണ്.

ഡെല്‍റ്റ കമ്പനിയുടെ അപേക്ഷ തള്ളിയതോടെ നാട്ടുകാര്‍ വലിയ ആശ്വാസത്തിലാണ്. ചെങ്ങോടുമലയില്‍ ഖനനം നടന്നാല്‍ കോട്ടൂര്‍, നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിലെ 3000 ത്തോളം കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32558/chengodumala-mining-the-center-did-not-give-permission-either)