---
title: "വടകര കുട്ടോത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; വലഞ്ഞത് യാത്രക്കാര്‍ "
english_title: "Private bus conductor assaulted in Vadakara Kutoth; passengers pay the price"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325599/private-bus-conductor-assaulted-in-vadakara-kutoth-passengers-pay-the-price"
published_at: "2025-11-12T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691447db2a02b_cds.jpg"
keywords: []
---

# വടകര കുട്ടോത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; വലഞ്ഞത് യാത്രക്കാര്‍ 

> **Lead Summary:** വടകര: വടകര കുട്ടോത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. പെരുവണ്ണാമുഴി മുതുകാട് സ്വദേശി കൊടപ്പന അജ്മലി നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.25 ഓടെയാണ് വടകര തിരുവള്ളൂര്‍ റോഡില്‍ കുട്ടോത്ത് വെച്ച് പേരാമ്പ്ര ചാനിയംകടവ് വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എല്‍ 11 വൈ 1943 കൃഷ്ണ ശോഭ ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചത്.

## Article Content

വടകര: വടകര കുട്ടോത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. പെരുവണ്ണാമുഴി മുതുകാട് സ്വദേശി കൊടപ്പന അജ്മലി നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.25 ഓടെയാണ് വടകര തിരുവള്ളൂര്‍ റോഡില്‍ കുട്ടോത്ത് വെച്ച് പേരാമ്പ്ര ചാനിയംകടവ് വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എല്‍ 11 വൈ 1943 കൃഷ്ണ ശോഭ ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചത്.

പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ബസില്‍ കയറിയ സംഘം കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാരുടെ ഇടയില്‍ വെച്ച് അസഭ്യം പറയുകയും മാരക ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കഴുത്തിനും പുറകിലും പരുക്കേറ്റ കണ്ടക്ടര്‍ അജ്മല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

ശനിയാഴ്ച രാത്രി പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ബസിനെ ഓവര്‍ടേക്ക് ചെയ്ത് ഇരു ചക്ര വാഹനത്തില്‍ എത്തിയ യുവാവ് ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തി കൂടെ ഉണ്ടായിരുന്ന യുവതിയെ ബസില്‍ കയറ്റിയതായും ഈ സമയം ഇങ്ങനെ ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയാല്‍ അപകടം ഉണ്ടാവില്ലേ എന്ന് കണ്ടക്ടര്‍ ചോദിച്ചതായും ഇതില്‍ പ്രകോപിതനായ യുവാവ് കണ്ടക്ടറുമായി വാക്കേറ്റം നടത്തുകയും തുടര്‍ന്ന് യാത്രക്കാരുമായി വാക്കേറ്റം ഉണ്ടാവകയും ചെയ്തതാവാം അക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ബസ് ഉടമ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഈ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വലഞ്ഞത് പേരാമ്പ്ര ചേനായി വഴിയുള്ള യാത്രക്കാര്‍.

പേരാമ്പ്ര ചാനിയം കടവ് വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് പുറമേ രൂക്ഷമായ യാത്രാ ക്ലേശം അനുഭവപ്പെടുന്ന എടവരാട്, ചേനായി ഭാഗങ്ങളിലൂടെ സര്‍വ്വീസ് നടത്തുന്ന ഏക ബസ് സര്‍വ്വീസാണ് കൃഷ്ണ ശോഭ. ഇതോടെ ഈ റൂട്ടില്‍ കഴിഞ്ഞ 3 മൂന്നു ദിവസമായി ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325599/private-bus-conductor-assaulted-in-vadakara-kutoth-passengers-pay-the-price)