---
title: "കോവിഡ് അനന്തര മെഗാ മെഡിക്കല്‍ ക്യാമ്പുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perambra Grama Panchayat with Kovid Post Mega Medical Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32578/perambra-grama-panchayat-with-kovid-post-mega-medical-camp"
published_at: "2022-03-18T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234adb4c7e27_vvvv - Copy (3) - Copy.JPG"
keywords: []
---

# കോവിഡ് അനന്തര മെഗാ മെഡിക്കല്‍ ക്യാമ്പുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** കോവിഡ് മഹാമാരി കീഴടക്കിയ ജനതക്ക് ആരോഗ്യ സുരക്ഷ ഒരുക്കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. കോറോണ കാലത്ത് ജനങ്ങള്‍ക്ക് മികച്ച പരിചരണം നല്‍കിയ ഗ്രാമപഞ്ചായത്ത് കൊറോണ ബാധിതര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ സഹകരണത്തോടെ കോവിഡാനന്തര മെഗാക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** കോവിഡ് മഹാമാരി കീഴടക്കിയ ജനതക്ക് ആരോഗ്യ സുരക്ഷ ഒരുക്കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. കോറോണ കാലത്ത് ജനങ്ങള്‍ക്ക് മികച്ച പരിചരണം നല്‍കിയ ഗ്രാമപഞ്ചായത്ത് കൊറോണ ബാധിതര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ സഹകരണത്തോടെ കോവിഡാനന്തര മെഗാക്യാമ്പ് സംഘടിപ്പിക്കുന്നു.

കോവിഡാനന്തര മെഗാക്യാമ്പ് മാര്‍ച്ച് 21, 22 തിയ്യതികളില്‍ പേരാമ്പ്രയില്‍ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അറിയിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം 22 ന് ആരാഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.

കോറോണ ബാധക്കു ശേഷം മറ്റ് രോഗങ്ങളുടെ വിഷമതകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ മെഗാക്യാമ്പിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കും.

ഇതിനായി മുഴുവന്‍ വാര്‍ഡുകളിലും കുടുംബശ്രീ എഡിഎസ് പ്രവര്‍ത്തകരെ നിയോഗിച്ച് സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ കോവിഡ് കാലത്തും അതിനുശേഷവുമായി നടത്തിയ രണ്ട് സര്‍വ്വേകളും സംസ്ഥന സര്‍ക്കാരിന്റെ ശ്രദ്ധ നേടാന്‍ കഴിഞ്ഞവയാണ്.

വളരെ ശാസ്ത്രീയമായി നടത്തിയ ഈ സര്‍വ്വേകളുടെ മാതൃകയില്‍ സംസ്ഥാനമൊട്ടാകെ സര്‍വ്വെ നടത്താന്‍ ആലോചന നടക്കുന്നുണ്ട്. 21ന് കാലത്ത് 9 മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളിലാണ് ക്യാമ്പ് ആരംഭിക്കുക.

ഹൃദ്രോഗം, അലര്‍ജി, ഇഎന്‍ടി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഒഫ്ത്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ദര്‍ രോഗികളെ പരിശോധിക്കും.

ഇതിനായി ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലും രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ 400 വ്യാപാരികള്‍ക്കും പരിശോധനക്ക് സൗകര്യമൊരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സ്വകാര്യ ലാബുകളുമായി സഹകരിച്ച് സൗജന്യമായി ഇവിടെ ലബോറട്ടറി പരിശോധനയും ഒരുക്കിയിട്ടുണ്ട്.

മെഗാ ക്യാമ്പിന്റെ ഭാഗമായി മുന്‍കാലങ്ങളില്‍ പേരാമ്പ്രയില്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാരെയും ആദരിക്കുമെന്ന് വി.കെ. പ്രമോദ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി പൊന്‍പറ, വിനോദ് തിരുവോത്ത്, പി.കെ. സത്യന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32578/perambra-grama-panchayat-with-kovid-post-mega-medical-camp)