---
title: "സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്"
english_title: "Kerala Congress announces candidates at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326388/kerala-congress-announces-candidates-at-perambra"
published_at: "2025-11-17T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b0556a7afe_assssssssss.jpg"
keywords: []
---

# സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

> **Lead Summary:** **പേരാമ്പ്ര:** യുഡിഎഫില്‍ തങ്ങള്‍ക്ക് അനുവദിച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്. വര്‍ഷങ്ങളായി നിയമ സഭ തെരെഞ്ഞടുപ്പിലൂടെ പേരാമ്പ്രയില്‍ സാന്നിധ്യമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ ശക്തി കേന്ദ്രമായ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥികളുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുതുകാട് ഡിവിഷന്‍ എന്നിവിടങ്ങളിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര:** യുഡിഎഫില്‍ തങ്ങള്‍ക്ക് അനുവദിച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്. വര്‍ഷങ്ങളായി നിയമ സഭ തെരെഞ്ഞടുപ്പിലൂടെ പേരാമ്പ്രയില്‍ സാന്നിധ്യമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ ശക്തി കേന്ദ്രമായ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥികളുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുതുകാട് ഡിവിഷന്‍ എന്നിവിടങ്ങളിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.

പേരാമ്പ്ര ജില്ലാ ഡിവിഷനില്‍ കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിവിന്‍ ജോസ് എന്ന ഷിനോയ് അടക്കാപ്പാറയാണ് മത്സര രംഗത്തിറങ്ങുന്നത്. കേരള വനിത കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ലിജി ഷിജുവിനെയാണ് മുതുകാട് ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കളത്തിലിറക്കിയിക്കുന്നത്.

പേരാമ്പ്രയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഷിനോയി അടയ്ക്കാപാറ (ജിവിന്‍ ജോസ്) കൃഷിയോടൊപ്പം ബിസിനസും, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിവരുന്നു. 13-ാം വയസില്‍ കേരളാ കോണ്‍ഗ്രസ് (എം) വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള സ്റ്റുഡന്റ് കോണ്‍ഗ്രസില്‍ അംഗമായി. 1994 ല്‍ കെഎസ് സി യൂണിറ്റ് പ്രസിഡന്റ്, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ്, കെഎസ് സി സംസ്ഥാന കമ്മറ്റി അംഗം, 2002 ല്‍ കെഎസ് സി ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് , കേരളാ കോണ്‍ഗ്രസ് (എം) തിരുവമ്പാടി മണ്ഡലം ജനറല്‍ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം, ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, സംയുക്ത കേരളാ കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന സ്റ്റയറിങ്ങ് കമ്മറ്റി അംഗം എന്നി പദവികളില്‍ പ്രവര്‍ത്തിക്കുന്നു.

2010 മുതല്‍ 2020 വരേ വിവിധ സമയങ്ങളില്‍ താമരശേരി താലൂക്ക് വികസന സമിതി അംഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അംഗം, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സമിതി അംഗം, തിരുവമ്പാടി കൃഷി ഭവന്‍ വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയോര കാര്‍ഷിക മേഖലയുടെ വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രൂപികരിച്ച പശ്ചിമഘട്ട ജനസംരക്ഷണ സമിതി അംഗം, തിരുവമ്പാടി ഭൂമി സംരക്ഷണ സമിതിയുടെ ജോ: കണ്‍വീനര്‍, കസ്തൂരി രംഗന്‍ വിഷയത്തില്‍ സുപ്രിം കോടതിയില്‍ കേസു നടത്തിയ കര്‍ഷക ശബ്ദം എന്ന സംഘടനയുടെ കണ്‍വീനര്‍, വയനാട് തുരങ്കപാത സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍, സദ്ഭാവന ഫൗണ്ടേഷന്‍ ചെയര്‍മാന്‍, എഡിഎആര്‍സി സൊസൈറ്റി പ്രസിഡന്റ്, കാസ് എന്ന കര്‍ഷക സംഘടനയുടെ തിരുവമ്പാടി കണ്‍വീനര്‍, മുത്തപ്പന്‍പുഴ കൃഷിഭൂമി സംരക്ഷണ സമിതി ചെയര്‍മാന്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതി അംഗം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം യുജിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മുതുകാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലിജി ഷിജു തൊഴിലുറപ്പ് രംഗത്ത് കഴിഞ്ഞ 2 വര്‍ഷക്കാലമായി മേറ്റായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്ന ലിജി ഷിജു പ്ലസ്ടു പഠനത്തിന് ശേഷം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. കൂരാച്ചുണ്ട് കരിയാത്തും പാറയിലെ കര്‍ഷക കുടുംബമായ ചാള്‍സ് അന്നമ്മ ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് ലിജി.

കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പഠനത്തിന് ശേഷം അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് സ്മാരക ഗവ എച്ച് എസ് എസില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസവും നേടി. നിലവില്‍ കേരള വനിത കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റാണ്. ചെമ്പനോടയിലെ കര്‍ഷക തൊഴിലാളിയായ ഷിജുവിന്റെ ഭാര്യയാണ് ലിജി ഷിജു.

വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, കണ്‍വീനര്‍ കെ ജോസുകുട്ടി, കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഹെലന്‍ ഫ്രാന്‍സിസ്,സംസ്ഥാന സെക്രട്ടറിമാരായ സി ജെ ടെന്നിസൺ, ടി.ജെ റോയി, വിജയന്‍ ചാത്തോത്ത്, രാജീവ് തോമസ്, ബാബു തത്തക്കാടൻ, ആവള ഹമീദ്, ടി.പി ചന്ദ്രന്‍, സുരേഷ് വാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326388/kerala-congress-announces-candidates-at-perambra)