---
title: " എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ ഹനീഫയുടെ പര്യടനത്തിന് ആവേശോജ്ജ്വല സ്വീകരണം"
english_title: "LDF candidate Dr. K. K. Hanifa's tour receives enthusiastic welcome"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327877/ldf-candidate-dr-k-k-hanifas-tour-receives-enthusiastic-welcome"
published_at: "2025-11-25T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925b951b4911_saww.JPG"
keywords: []
---

#  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ ഹനീഫയുടെ പര്യടനത്തിന് ആവേശോജ്ജ്വല സ്വീകരണം

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ ഹനീഫയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് നാടെങ്ങും ഉജ്ജ്വല വരവേല്‍പ്പ്. വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞും മുന്നേറുന്ന പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്.

## Article Content

പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ ഹനീഫയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് നാടെങ്ങും ഉജ്ജ്വല വരവേല്‍പ്പ്. വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞും മുന്നേറുന്ന പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്ര ദേവ്, ഉന്നതി, പന്നിക്കോട്ടൂര്‍ ഉന്നതി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ മരണവീടുകളിലും കിടപ്പുരോഗികളായവരെയും സന്ദര്‍ശിച്ച് ആശ്വാസം പകരാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്തിലെ ടൗണ്‍ മേഖലയിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപാരികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും ആശയവിനിമയം നടത്തി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനത്തില്‍ പങ്കാളികളായി. വികസനത്തിന് അക്കാദമിക് മികവിന്റെ കരുത്ത് നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും അക്കാദമിക് പണ്ഡിതനുമായ ഡോ. ഹനീഫയുടെ സ്ഥാനാര്‍ത്ഥിത്വം പേരാമ്പ്ര ഡിവിഷന്റെ വികസനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തില്‍ പിഎച്ച്.ഡിയും നേടിയ അദ്ദേഹം, അക്കാദമിക്-പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ഒരേപോലെ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമാണ്.

കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗം എന്നീ നിലകളിലും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗമായും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ജില്ലാ-സംസ്ഥാന നേതൃത്വങ്ങളിലിരുന്ന അനുഭവസമ്പത്തും ഡോ. ഹനീഫയ്ക്ക് കരുത്തേകുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327877/ldf-candidate-dr-k-k-hanifas-tour-receives-enthusiastic-welcome)