---
title: "പോസ്റ്റല്‍ ബാലറ്റ് വിതരണവും മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കലും"
english_title: "Postal Ballot Distribution and Marked Copy Preparation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328350/postal-ballot-distribution-and-marked-copy-preparation"
published_at: "2025-11-28T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692963b9abb4e_balet.jpg"
keywords: []
---

# പോസ്റ്റല്‍ ബാലറ്റ് വിതരണവും മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കലും

> **Lead Summary:** **കോഴിക്കോട്: **മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കുന്ന ആവശ്യത്തിലേക്കായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പഞ്ചായത്തുകളെ സംബന്ധിച്ച് വോട്ടര്‍ പട്ടികയുടെ, അടിസ്ഥാന പട്ടികയുടെയും സപ്ലിമെന്ററി പട്ടികകളുടെയും 5 പകര്‍പ്പുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് മൂന്ന് പകര്‍പ്പുകളും ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ഉടന്‍തന്നെ നല്‍കേണ്ടതാണ്.

## Article Content

**കോഴിക്കോട്: **മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കുന്ന ആവശ്യത്തിലേക്കായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പഞ്ചായത്തുകളെ സംബന്ധിച്ച് വോട്ടര്‍ പട്ടികയുടെ, അടിസ്ഥാന പട്ടികയുടെയും സപ്ലിമെന്ററി പട്ടികകളുടെയും 5 പകര്‍പ്പുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് മൂന്ന് പകര്‍പ്പുകളും ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ഉടന്‍തന്നെ നല്‍കേണ്ടതാണ്.

വോട്ടര്‍ പട്ടികയുടെ പ്രിന്റ് ഇരു പുറങ്ങളിലായി എടുക്കേണ്ടതും. അടിസ്ഥാന പട്ടികയിലും സപ്ലിമെന്ററി പട്ടികകളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഒപ്പും സീലും പതിക്കേണ്ടതുമാണ്. പട്ടികയുടെ അവസാന പേജില്‍ കയ്യൊപ്പും മറ്റു പേജുകളില്‍ ഫാസിമിലിയും മതിയാകും. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന വാര്‍ഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് വേണം നല്‍കേണ്ടത്.

ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോസ്റ്റല്‍ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഒറ്റ കവറില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കോ ഗ്രാമപഞ്ചായത്ത് വരണാധികാരിക്കോ നല്‍കാം. മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് വരണാധികാരിക്ക് ഒരു അപേക്ഷ മതിയാകും. അപേക്ഷയില്‍ സമ്മതിദായകന്റെ പേരും പോസ്റ്റല്‍ മേല്‍വിലാസവും വോട്ടര്‍ പട്ടികയുടെ ക്രമനമ്പരും ഭാഗം നമ്പരും കൃത്യമായും രേഖപ്പെടുത്തണം.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകള്‍ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകര്‍ക്ക് അയക്കേണ്ടത്. വരണാധികാരികള്‍ ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും, രേഖകളും, കവറുകളും ഒന്നിച്ച് വേണം അയക്കേണ്ടത്. ത്രിതല പഞ്ചായത്തുകളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വിവിധതലങ്ങളിലെ ബാലറ്റുകള്‍ നല്‍കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതിന് വോട്ടര്‍പട്ടികയുടെ മൂന്നു പകര്‍പ്പൂകള്‍ ഓരോ തലത്തിലേക്കുമുള്ള വര്‍ക്കിംഗ് കോപ്പിയായി ഉപയോഗിക്കാവുന്നതാണ്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഒരു കോപ്പി വര്‍ക്കിംഗ് കോപ്പിയായി ഉപയോഗിക്കാം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ നിശ്ചിത സമയത്തിനു മുമ്പ് തന്നെ വരണാധികാരിക്ക് കിട്ടത്തക്കവിധമുള്ള സമയക്രമീകരണം വരുത്തി വേണം പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കേണ്ടത്.

പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മൂന്ന് തലത്തിലെയും വര്‍ക്കിംഗ് കോപ്പികള്‍ പരിശോധിച്ചു ഒരു മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കി വോട്ടെടുപ്പിനായി സജ്ജമാക്കണം. അത്തരത്തില്‍ തയ്യാറാക്കുന്ന മാര്‍ക്ക്ഡ് കോപ്പിയും ഒരു അധികകോപ്പിയും വേണം പോളിംഗ് സ്റ്റേഷനില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്നതിനായി നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328350/postal-ballot-distribution-and-marked-copy-preparation)