---
title: "സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി "
english_title: "BJP Cheruvannur Panchayat Committee organizes candidate group and public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329314/bjp-cheruvannur-panchayat-committee-organizes-candidate-group-and-public-meeting"
published_at: "2025-12-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69312a43d7e61_sad.jpg"
keywords: []
---

# സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** ചെറുവണ്ണൂര്‍: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെറുവണ്ണൂരില്‍ സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എ.പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

ചെറുവണ്ണൂര്‍: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെറുവണ്ണൂരില്‍ സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എ.പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് താനായിരുന്നെങ്കില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ അഖിലലോക ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശശി തരൂര്‍ എംപി ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്രമോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ അവിടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി അത് തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്നെ പരിഹസിച്ചവര്‍ ഇന്ന് നരേന്ദ്രമോഡി വികസന നായകനാണെന്ന് വാഴ്ത്തുമ്പോള്‍ എനിക്ക് അങ്ങേയറ്റം അഭിമാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ കേരളത്തില്‍ വിവാദ രാഷ്ട്രീയം ചര്‍ച്ച ചെയ്തു ഇടതു വലത് മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന വിപ്ലവം കേരളത്തിലും സാധ്യമാകണമെങ്കില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ ക്ഷേത്ര ഭരണം കയ്യാളുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബിജെപിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം സായിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി റിഷാദ് സുല്ലമി , കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ രജീഷ്, മേപ്പയൂര്‍ ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി സന്തോഷ് കാളിയത്ത്, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഇ.സി അഭിലാഷ്, ഇ പവിത്രന്‍, കെ.ടി വിനോദന്‍, കെ.പി ബാബു, കെ.പി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329314/bjp-cheruvannur-panchayat-committee-organizes-candidate-group-and-public-meeting)